‘പീഡനം പീഡനം തന്നെ, ഭർത്താവാണെങ്കിൽ പോലും’; കർണാടക ഹൈക്കോടതി

0
76

വിവാഹം ചെയ്‌തു എന്നതിന്റെ പേരിൽ പുരുഷന് സ്‌ത്രീക്ക് മേൽ പ്രത്യേക അവകാശങ്ങളൊന്നും ലഭിക്കുന്നില്ലെന്ന് വ്യക്‌തമാക്കി കർണാടക ഹൈക്കോടതി. ഭാര്യയുടെ സമ്മതമില്ലാതെ ബലം പ്രയോഗിച്ച് കീഴ്‌പ്പെടുത്തുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്‌തുവെന്ന കേസിൽ വിധി പറയവേ ആയിരുന്നു കോടതിയുടെ നിരീക്ഷണം. കേസിൽ പ്രതിയായ ഭർത്താവിനെതിരെ ചുമത്തിയ ബലാൽസംഗ കുറ്റങ്ങൾ റദ്ദാക്കാൻ കോടതി വിസമ്മതിച്ചു.

‘വിവാഹത്തിലൂടെ ഏതെങ്കിലും പ്രത്യേക പുരുഷപദവിയോ വന്യമായ പെരുമാറ്റങ്ങൾക്കുള്ള ലൈസൻസോ നൽകുന്നില്ല, നൽകാൻ കഴിയില്ല, അത് നൽകരുത്’; ഹൈക്കോടതി പറഞ്ഞു. നിലവിൽ, ഇന്ത്യൻ പീനൽ കോഡ് വിവാഹ പങ്കാളികൾ തമ്മിലുള്ള ലൈംഗിക ബന്ധത്തിന് ഇളവ് അനുവദിച്ചിട്ടുണ്ട്. ഐപിസി സെക്ഷൻ 37 അനുസരിച്ച് ബലാൽസംഗ കുറ്റത്തിന് ഭർത്താക്കൻമാരെ പ്രോസിക്യൂഷനിൽ നിന്ന് ഒഴിവാക്കുന്നതാണ് ഇത്. ഈ വകുപ്പിന്റെ വിചാരണയിലാണ് ഹൈക്കോടതി വിധിയുണ്ടായത്.

‘ഒരു മനുഷ്യൻ മനുഷ്യനാണെങ്കിൽ പീഡനം പീഡനം തന്നെ’യെന്നും കർണാടക ഹൈക്കോടതി ജസ്‌റ്റിസ് എം നാഗപ്രസന്നയുടെ സിംഗിൾ ബെഞ്ച് പറഞ്ഞു. ഇവിടെ ഭർത്താവിനെതിരെ കുറ്റം ചുമത്തുന്നതുമായി ബന്ധപ്പെട്ടതാണ് ഉത്തരവെന്നും വൈവാഹിക ബലാൽസംഗം കുറ്റമായി അംഗീകരിക്കണമോ എന്നതിനെക്കുറിച്ചല്ലെന്നും കോടതി വ്യക്‌തമാക്കി.

പരാമർശിക്കപ്പെട്ട കേസിൽ ബലാൽസംഗ കുറ്റങ്ങൾ നീക്കം ചെയ്യുന്നത് ഹരജിക്കാരന് പ്രത്യേക പരിഗണന നൽകുന്നതിനു തുല്യമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. അത് പരാതിക്കാരിയായ ഭാര്യയോടു കടുത്ത അനീതിയാണ് കാണിക്കുന്നത്. ഇതനുസരിച്ച് ഭാര്യയുടെ പരാതിയിൽ ഭർത്താവിനെതിരേ ചുമത്തിയ ബലാൽസംഗ കുറ്റങ്ങൾ ഹൈക്കോടതി ശരിവച്ചു.