സംസ്ഥാനത്തെ ആരോഗ്യമേഖലയുടെ മികവ് കൂടുതലായി ജനങ്ങളിലെത്തിയത് കോവിഡ് 19 ന്റെ പശ്ചാത്തലത്തിലെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ.ടി ജലീൽ. മംഗലം ഗ്രാമ പഞ്ചായത്തിലെ കൂട്ടായി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ കെട്ടിടോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാന സർക്കാർ ആരോഗ്യമേഖലക്ക് എത്രമാത്രം പ്രാധാന്യം നൽകുന്നുവെന്നത് ഇത്തരം ആരോഗ്യ കേന്ദ്രങ്ങൾ സന്ദർശിച്ചാൽ മനസ്സിലാക്കാവുന്നതെയുള്ളൂ. ലക്ഷം രൂപയോളം സ്വകാര്യ മേഖലയിൽ കോവിഡ് ചികിത്സക്കായി ചെലവ് വരുന്ന സാഹചര്യം നിലനിൽക്കെയാണ് സർക്കാർ ആശുപത്രികളിൽ നിന്നും തികച്ചും സൗജന്യമായി എല്ലാ വിഭാഗം ജനങ്ങൾക്കും ചികിത്സ ലഭ്യമാക്കിയത്.
ഈ മഹാമാരിക്കാലത്തെ നേരിടാൻ സർക്കാർ മേഖലയിലെ ആശുപത്രികളിലെ ഡോക്ടർമാരുൾപ്പടെ ജീവനക്കാർ ഏറെ പ്രയത്‌നിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കൂട്ടായി കുടുംബാരോഗ്യ കേന്ദ്രത്തിൽ ലാബോറട്ടറിക്കാവശ്യമായ സൗകര്യങ്ങൾ ഒരുക്കിയതോടൊപ്പം ലാബ് ടെക്‌നീഷ്യനെ നിയമിച്ചതായും മന്ത്രി അറിയിച്ചു. മംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ഹാജറ മജീദ് അധ്യക്ഷയായിരുന്നു.
തിരൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.പി.എ. ഷുക്കൂർ, തിരൂർ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ പി. അസ്മാബി, മംഗലം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ സലീം, വാർഡ് മെമ്പർ എം.പി മജീദ്, എൻ.എച്ച്.എം പ്രോഗ്രാം മാനേജർ ഡോ. ഷിബുലാൽ, ഡോ. സുൽത്താൻ ഐനിക്കുന്ന് എന്നിവർ സംസാരിച്ചു.