പൊതു സ്ഥലങ്ങളിൽ മാസ്‌ക് ധരിക്കാത്തതിനും സാമൂഹ്യ അകലം പാലിക്കാത്തിനും കേസ് എടുക്കരുത്; ‌കൊവിഡ് നിയന്ത്രണങ്ങൾ പിൻവലിക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര നിർദേശം

0
33

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ദുരന്ത നിവാരണ നിയമപ്രകാരം ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര നിർദേശം. പൊതു സ്ഥലങ്ങളിൽ മാസ്‌ക് ധരിക്കാത്തതിനും സാമൂഹ്യ അകലം പാലിക്കാത്തിനും കേസ് എടുക്കരുതെന്ന് നിർദേശത്തിൽ പറയുന്നു. ഇതിനായി സംസ്ഥാനങ്ങൾ പുതിയ ഉത്തരവിറക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു.

സംസ്ഥാനങ്ങളിലെ കൊവിഡ് സാഹചര്യങ്ങൾ വിലയിരുത്തി നിയന്ത്രണങ്ങളിൽ ഏതെല്ലാം തരത്തിൽ മാറ്റം വരുത്താമെന്ന കാര്യത്തിൽ സംസ്ഥാന സർക്കാരുകൾക്കും ജില്ലാ ഭരണകൂടങ്ങൾക്കും തീരുമാനമെടുക്കാമെന്നും ഉത്തരവിൽ പറഞ്ഞു. കഴിഞ്ഞ ഏതാനും ആഴ്ചകളായി രാജ്യത്തെ കൊവിഡ് കേസുകളിൽ വലിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ടി.പി.ആർ ഒരു ശതമാനത്തിനും താഴെയാണ്. കേസുകൾ ഗണ്യമായി കുറഞ്ഞ സാഹചര്യത്തിൽ കൂടിയാണ് ദുരന്ത നിവാരണ നിയമപ്രകാരമുള്ള നിയന്ത്രണങ്ങൾ സംസ്ഥാനങ്ങൾക്ക് ഒഴിവാക്കാമെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചിട്ടുള്ളത്.

അതേസമയം മുൻകരുതലിന്റെ ഭാഗമായി മാസ്‌കും സാനിറ്റൈസറും ഒഴിവാക്കാത്തതാണ് നല്ലതെന്നും ആഭ്യന്തരമന്ത്രാലയം കൂട്ടിച്ചേർത്തു. മുൻകരുതൽ എന്ന നിലയിൽ വ്യക്തികൾക്ക് സ്വമേധയാ മാസ്‌ക് ധരിക്കുകയോ, ആൾക്കൂട്ടത്തിൽ നിന്ന് അകന്നു നിൽക്കുകയോ ചെയ്യാം. അതല്ലാതെ പൊതു ഇടങ്ങളിൽ മാസ്‌ക് ധരിച്ചില്ല എന്നതിനാൽ കേസെടുക്കുന്നത് അവസാനിപ്പിക്കണമെന്നാണ് കേന്ദ്രം നിർദേശിച്ചിട്ടുള്ളത്.