ഡീസൽ വില വർധന; കെഎസ്ആർടിസിയുടെ ആവശ്യം നിരസിച്ച് ഹൈക്കോടതി

0
72

ഡീസൽ വില വർധനക്കെതിരെ കെഎസ്ആർടിസി സമർപ്പിച്ച ഹരജിയിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാതെ ഹൈക്കോടതി. വില വർധന സ്‌റ്റേ ചെയ്യണമെന്ന ആവശ്യവുമായാണ് കെഎസ്ആർടിസി ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ ഈ ആവശ്യം ഹൈക്കോടതി തള്ളുകയായിരുന്നു.

എണ്ണക്കമ്പനികളുടെ നടപടി കടുത്ത വിവേചനമാണെന്നും, വലിയ സാമ്പത്തിക ബാധ്യത സൃഷ്‌ടിക്കുന്നതായും കെഎസ്ആർടിസി വാദിച്ചു. ദിവസ ഷെഡ്യൂളുകൾ പ്രവർത്തിപ്പിക്കാൻ 300-400 കിലോ ലീറ്റർ ഡീസൽ വേണ്ട കെഎസ്ആർടിസിക്ക് ലീറ്ററിന് 21 രൂപ നിരക്കിൽ അധികം നൽകേണ്ടി വരുന്നത് വലിയ നഷ്‌ടം സൃഷ്‌ടിക്കുമെന്നും കെഎസ്ആർടിസി കോടതിയിൽ വ്യക്‌തമാക്കി.

എന്നാൽ വിലനിർണയം അടക്കമുള്ള നയപരമായ കാര്യങ്ങളിൽ കോടതി ഇടപെടരുതെന്ന് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടു. അതേസമയം വില നിർണയ സംവിധാനം സംബന്ധിച്ച് രേഖാമൂലം നിലപാട് വ്യക്‌തമാക്കാൻ എണ്ണക്കമ്പനികളോട് കോടതി നിർദ്ദേശം നൽകുകയും ചെയ്‌തു.