Tuesday
23 December 2025
28.8 C
Kerala
HomeKeralaകെഎസ്ആർടിസി ഡീസൽ വില വർധന; ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കെഎസ്ആർടിസി ഡീസൽ വില വർധന; ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കെഎസ്ആർടിസിക്കുള്ള ഡീസലിന്റെ വില വർധിപ്പിച്ച എണ്ണക്കമ്പനികളുടെ നടപടി ചോദ്യം ചെയ്‌ത്‌ കെഎസ്ആർടിസി സമർപ്പിച്ച ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ച കോടതി എണ്ണക്കമ്പനികൾക്കും കേന്ദ്ര സർക്കാരിനും നോട്ടീസ് അയച്ചിരുന്നു. കെഎസ്ആർടിസിക്കുള്ള ഡീസൽ ലിറ്ററിന് 21 രൂപ 10 പൈസ കൂട്ടിയ നടപടി കനത്ത നഷ്‌ടം ഉണ്ടാക്കുമെന്നാണ് കെഎസ്ആർടിസിയുടെ വാദം.

സാധാരണ വിപണി നിരക്കിൽ ഡീസൽ നൽകാൻ എണ്ണക്കമ്പനികൾക്കും പെട്രോളിയം പ്രകൃതി വാതക മന്ത്രാലയത്തിനോടും നിർദ്ദേശിക്കണമെന്നാണ് ഹരജിയിൽ കെഎസ്ആർടിസി ആവശ്യപ്പെടുന്നത്. എണ്ണക്കമ്പനികളുടെ നടപടി വിവേചനപരവും ഭരണഘടനയുടെ ആർട്ടിക്കിൾ 14ന്റെ ലംഘനവുമാണെന്നും കെഎസ്ആർടിസിയെ കനത്ത നഷ്‌ടത്തിലേക്ക് തള്ളിവിടുന്നതാണെന്നും ഹരജി ചൂണ്ടിക്കാട്ടുന്നു. വില വർധന കെഎസ്ആർടിസിയെ കനത്ത നഷ്‌ടത്തിലേക്ക് തള്ളിവിടുമെന്നാണ് സർക്കാർ നിലപാട്.

ഇത് അംഗീകരിക്കാൻ ആവില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു നേരത്തെ തന്നെ പ്രതികരിച്ചിരുന്നു. ഒരു ദിവസം കെഎസ്ആർടിസിക്ക് നാല് ലക്ഷം ലിറ്റർ ഡീസൽ ആവശ്യമുണ്ട്. നിലവിലെ സാഹചര്യത്തിൽ വില വർധനവോടെ ഒരു മാസം 21 കോടിയുടെ അധിക ബാധ്യതയാണ് ഉണ്ടാവുക. ഇത് കെഎസ്ആർടിസിക്ക് താങ്ങാൻ കഴിയില്ല. പൊതു ഗതാഗതത്തെ തകർക്കുന്ന രീതിയാണ് കേന്ദ്രത്തിന്റേതെന്നും മന്ത്രി പറഞ്ഞിരുന്നു.

വൻകിട ഉപഭോക്‌താക്കൾക്കുള്ള ഇന്ധന വില നാല് രൂപ വർധിപ്പിച്ചതിനെതിരെ കെഎസ്ആർടിസി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാൽ, ഹൈക്കോടതിയിൽ പോകാനായിരുന്നു കോടതി ഉത്തരവ്. ഇത് നിലനിൽക്കെയാണ് വില വീണ്ടും കുത്തനെ കൂട്ടിയത്. ഇന്ധന വില ഈ രീതിയിൽ കൂടിയാൽ എന്ത് സഹായം നൽകിയാലും പിടിച്ചു നിൽക്കാൻ ആവില്ലെന്നാണ് സർക്കാർ നിലപാട്. സ്വകാര്യ പമ്പിൽ നിന്ന് എക്കാലവും ഇന്ധനം നിറക്കാനാവില്ല. ബസ് ചാർജ് വർധിപ്പിച്ചാലും പ്രതിസന്ധി പരിഹരിക്കാൻ ആവില്ലെന്നുമാണ് സർക്കാർ പറയുന്നത്.

RELATED ARTICLES

Most Popular

Recent Comments