തെരഞ്ഞെടുപ്പ് പൂർത്തിയായതിന് പിന്നാലെ രാജ്യത്ത് ഇന്ധന, പാചക വാതക വില വർധിപ്പിച്ചു

0
76

അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനെ തുടർന്ന് മരവിപ്പിച്ചിരുന്ന ഇന്ധന വിലയാണ് കൂട്ടിയിരിക്കുന്നത്. ഇന്ധന വില വർധനയ്ക്ക് പിന്നാലെ രാജ്യത്ത് പാചക വാതകത്തിനും വില കൂട്ടി. വീട്ടാവശ്യത്തിനുള്ള ഗ്യാസ് സിലിണ്ടറിന്റെ വില 50 രൂപയാണ് കൂട്ടിയത്. കൊച്ചിയിലെ പുതിയ വില 956 രൂപയാണ്. അഞ്ചു കിലോയുടെ സിലിണ്ടറിന്റെ വിലയും കൂട്ടിയിട്ടുണ്ട്. സിലിണ്ടറിന് 13 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ വില 352 രൂപയായി.

നേരത്തെ വാണിജ്യ സിലണ്ടറിന്റെ വില വർധിപ്പിച്ചിരുന്നു. ഈ മാസം ആദ്യം വാണിജ്യ സിലിണ്ടറിന് 106 രൂപ 50 പൈസയാണ് കൂട്ടിയത്. വില കൂട്ടിയതോടെ കൊച്ചിയിൽ വാണിജ്യ സിലിണ്ടറിന്റെ വില 2009 രൂപയായി ഉയർന്നിരുന്നു.

137 ദിവസത്തിന് ശേഷമാണ് പെട്രോൾ, ഡീസൽ വില വർധിപ്പിക്കുന്നത്. വില വർധന ഇന്ന് പ്രാബല്യത്തിൽ വരുമെന്ന് എണ്ണക്കമ്പനികൾ അറിയിച്ചു.

കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 105.18 രൂപയും ഡീസലിന് 92.40 രൂപയുമാണ് പുതിയ വില. തിരുവനന്തപുരത്ത് പെട്രോളിന് 107.31 രൂപയും ഡീസലിന് 94.41 രൂപയുമാണ് വില. കോഴിക്കോട്ട് പെട്രോൾ 105.45 രൂപയും ഡീസലിന് 92.61 രൂപയുമാണ് നിരക്ക്. 2021 നവംബറിൽ ദീപാവലിയോട് അനുബന്ധിച്ചായിരുന്നു രാജ്യത്ത് അവസാനമായി ഇന്ധന വിലയിൽ വർധന വരുത്തിയത്.