സീഷെൽസിൽ തടവിലായ മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കാൻ ശ്രമം; ഇടപെട്ട് വേൾഡ് മലയാളി ഫെഡറേഷൻ

0
47

ആഫ്രിക്കയിലെ സീഷെൽസിൽ തടവിൽ കഴിയുന്ന 61 മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കാനുള്ള ശ്രമം തുടരുന്നു. വേൾഡ് മലയാളി ഫെഡറേഷനാണ് മത്സ്യത്തൊഴിലാളികൾക്ക് നിയമസഹായം നൽകുന്നത്. രണ്ട് മലയാളികളാണ് തടവിലായ സംഘത്തിലുള്ളത്. തൊഴിലാളികളുടെ മോചനത്തിനായുള്ള നടപടികൾ ആരംഭിച്ചുകഴിഞ്ഞു.

തിരുവനന്തപുരം വിഴിഞ്ഞം കോട്ടപ്പുറം കടക്കുളം സ്വദേശികളായ ജോണി, തോമസ് എന്നിവരാണ് തടവിലുള്ള മലയാളികൾ. കൊച്ചിയിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ 61 അംഗ സംഘം പ്രതികൂല കാലാവസ്ഥയെ തുടർന്നാണ് അന്താരാഷ്ട്ര സമുദ്രാർതിർത്തി മുറിച്ചുകടക്കേണ്ടി വന്നത്. തുടർന്ന് സീഷെൽ തീരത്തെത്തിയ ഇവരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ഈ മാസം 12നാണ് മത്സ്യത്തൊഴിലാളികൾ അറസ്റ്റിലായ വിവരം കുടുംബാംഗങ്ങൾ അറിയുന്നത്. മലയാളികളുടെ മോചനത്തിനായി നേരത്തെ നോർക്കയും ഇടപെടൽ നടത്തിയിരുന്നു.