കളമശ്ശേരിയിൽ മണ്ണിടിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച നാല് ഇതര സംസ്‌ഥാന തൊഴിലാളികളുടെയും മൃതദേഹം ഇന്ന് സ്വദേശമായ പശ്‌ചിമ ബംഗാളിലേക്ക് കൊണ്ട് പോകും. രാവിലെ 11 മണിക്കുള്ളിൽ മൂന്ന് വിമാനങ്ങളിലായിട്ടാണ് മൃതദേഹം കൊണ്ട് പോകുക.
അതേസമയം, അപകടം സംബന്ധിച്ച് എഡിഎമ്മിന്റെ അന്വേഷണം തുടരുകയാണ്. നിർമാണ പ്രവർത്തനത്തിൽ സുരക്ഷാ വീഴ്‌ചയുണ്ടോയെന്നാണ് പരിശോധിക്കുക. കുന്ന് നികത്തിയ മണ്ണാണ് പ്രദേശത്ത് ഉണ്ടായിരുന്നത്. മണ്ണിന് ബലം കുറവായിരുന്നെന്നും ജോലിയെടുക്കാനുള്ള ബുദ്ധിമുട്ട് കോൺട്രാക്‌ടറെ അറിച്ചിരുന്നെങ്കിലും നടപടിയുണ്ടായില്ലെന്നുമാണ് തൊഴിലാളികളുടെ ആക്ഷേപം. ഇത് ഉൾപ്പടെ എല്ലാ വശവും എഡിഎമ്മിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധിക്കും.
അഗ്‌നിശമന സേനയിലേയും റവന്യൂ വകുപ്പിലേയും പോലീസിലേയും ഉദ്യോഗസ്‌ഥർ ചേർന്ന പ്രത്യേക സംഘമാണ് അന്വേഷണം നടത്തുക. കമ്പനിയെയും കരാറുകാരെയും നോട്ടീസ് നൽകി ഉടൻ വിളിപ്പിക്കും. വിശദമായ ഹിയറിംഗ് ശേഷം ഒരാഴ്‌ചക്കകം റിപ്പോർട് നൽകാനാണ് ജില്ലാ കളക്‌ടർ ഉത്തരവിട്ടുള്ളത്.
കളമശ്ശേരിയിൽ നെസ്‌റ്റ് ഗ്രൂപ്പിന്റെ ഇലക്‌ട്രോണിക്‌സ് സിറ്റി നിർമാണം നടക്കുന്ന സ്‌ഥലത്താണ് അപകടം ഉണ്ടായത്. നിർമാണ പ്രവർത്തനങ്ങൾക്കായി കുഴിയെടുക്കുന്നതിനിടെ മണ്ണ് ഇടിഞ്ഞ് കുഴിയിലുണ്ടായിരുന്ന തൊഴിലാളികളുടെ ദേഹത്തേക്ക് വീഴുകയായിരുന്നു.