Wednesday
24 December 2025
21.8 C
Kerala
HomeKerala"ഇയാളെ ജയിലിൽ സന്ദർശിക്കാമെന്ന് കരുതി രാവിലെ കുളിച്ചിറങ്ങിയതായിരുന്നില്ല ഞാൻ"; ട്രോളുകളെ പുച്ഛിച്ച് തള്ളുന്നു; രഞ്ജിത്ത്

“ഇയാളെ ജയിലിൽ സന്ദർശിക്കാമെന്ന് കരുതി രാവിലെ കുളിച്ചിറങ്ങിയതായിരുന്നില്ല ഞാൻ”; ട്രോളുകളെ പുച്ഛിച്ച് തള്ളുന്നു; രഞ്ജിത്ത്

ഐ.എഫ്.എഫ്.കെ വേദിയിലേക്ക് ഭാവനയെ ക്ഷണിച്ചത് തന്റെ തീരുമാനപ്രകാരമാണെന്നും സമൂഹ മാധ്യമങ്ങളിലെ ട്രോളുകളെ പുച്ഛിച്ച് തള്ളുന്നുവെന്നും ചലച്ചിത്ര അക്കാഡമി ചെയർമാൻ രഞ്ജിത്ത് പറഞ്ഞു. ചലച്ചിത്ര അക്കാഡമിയിലെ സഹപ്രവർത്തകരുമായി കൂടിയാലോചിച്ചാണ് തീരുമാനം കൈക്കൊണ്ടത്. മാധ്യമങ്ങളുടെ കൂട്ടായ ആക്രമണം ഭയന്നാണ് വാർത്ത പുറത്തുവിടാതിരുന്നത്. നെ​ഗറ്റിവിറ്റി കൊണ്ട് തന്നെ ഭയപ്പെടുത്താമെന്ന് ആരും കരുതണ്ട. ദിലീപിനോട് ആത്മബന്ധമില്ല. സുരേഷ് കൃഷ്ണ പറഞ്ഞിട്ടാണ് ദിലീപിനെ ജയിലി‍ൽ പോയിക്കണ്ടത്. സിനിമയെ ഏറെ സ്നേഹിക്കുന്ന, അഭിനയം തൊഴിലാക്കിയ ഭാവനയെ മാറ്റി നിർത്താനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ദിലീപിനെ ജയിയിൽ സന്ദർശിച്ച ആൾ തന്നെ അതിജീവിതയെ ഇന്നലെ ഐ.എഫ്.എഫ്.കെ വേദിയിലേക്ക് ക്ഷണിച്ചതിലെ പൊരുത്തക്കേട് മാധ്യമപ്രവർത്തകർ ചൂണ്ടിക്കാണിച്ചപ്പോഴായിരുന്നു അന്നുണ്ടായ സംഭവത്തെ കുറിച്ച് രഞ്ജിത്ത് വിശദീകരിച്ചത്. ദിലീപിനെ ജയിലിൽ പോയി കാണുക എന്നൊരു ലക്ഷ്യം തനിക്ക് ഉണ്ടായിരുന്നില്ലെന്നും അപ്രതീക്ഷിതമായി അവിടെ എത്തിപ്പെടേണ്ട ഒരു സാഹചര്യം തനിക്കുണ്ടായെന്നുമായിരുന്നു രഞ്ജിത് പറഞ്ഞത്.

‘ ഞാൻ ഒരു മാധ്യമത്തിലും അന്തിച്ചർച്ചയിലും വന്ന് ഇയാൾക്ക് വേണ്ടി വാദിച്ചിട്ടില്ല. ഒരിടത്തും ഞാൻ എഴുതിയിട്ടില്ല. ഒരിടത്തും ഞാൻ പ്രസംഗിച്ചിട്ടില്ല. എനിക്ക് ആ വ്യക്തിയുമായി വളരെ അടുത്ത ബന്ധമൊന്നും ഇല്ല എന്നത് സത്യമാണ്. കുറേ വർഷങ്ങളായി അയാളെ അറിയാം. ഇങ്ങനെ ഒരു സംഭവമുണ്ടായപ്പോൾ അന്ന് പലരും പറഞ്ഞിരുന്നത് ഇല്ല അയാൾ അത് ചെയ്യില്ല എന്നാണ്. എനിക്കും സത്യത്തിൽ അത് വിശ്വസിക്കാൻ ഇഷ്ടമല്ലായിരുന്നു. അവൻ അങ്ങനെ ചെയ്യുമോ എന്നുള്ള മാനസികാവസ്ഥയിലായിരുന്നു ഞാനുമന്ന്.

എന്നാൽ ഇയാളെ ജയിലിൽ സന്ദർശിക്കാമെന്ന് കരുതി രാവിലെ കുളിച്ചിറങ്ങിയതായിരുന്നില്ല ഞാൻ. ഒരു ദിവസം രാവിലെ കോഴിക്കോട് നിന്ന് എറണാകുളത്തേക്ക് പോകുകയാണ് ഞാൻ. എനിക്കൊപ്പം നടൻ സുരേഷ് കൃഷ്ണയും കാറിലുണ്ട്. ഞാൻ ഉറങ്ങുകയായിരുന്നു. ഇതിനിടെ ഇദ്ദേഹം ആരോടൊക്കെയോ ഫോണിൽ സംസാരിക്കുന്നത് കേട്ടു. ഇത്ര മണിക്ക് എത്തുമെന്നൊക്കെ പറയുന്നത് കേട്ടു. ചോദിച്ചപ്പോൾ ചേട്ടാ, പോകുന്ന വഴിക്ക് ആലുവ സബ് ജയിലിൽ കയറി ദിലീപിനെ കാണണമെന്ന് പറഞ്ഞു.

പോയ്‌ക്കോ ഞാൻ പുറത്ത് കാറിലിരിക്കാമെന്ന് പറഞ്ഞു. അയാളെ കാണണമെന്ന ഒരു വികാരവും എനിക്ക് ഉണ്ടായിരുന്നില്ല. അവിടെ എത്തി പുള്ളി അകത്തേക്ക് പോകാൻ നിൽക്കുമ്പോൾ അവിടെ ചില മാധ്യമങ്ങൾ എത്തി. അവർ എന്റെ അടുത്തേക്ക് വന്ന് എന്തുകൊണ്ടാണ് പുറത്ത് നിൽക്കുന്നത് അകത്ത് പോകുന്നില്ലേ എന്നൊക്കെ ചോദിക്കാൻ തുടങ്ങി. അവിടെ നിൽക്കുന്നതിനേക്കാൾ സേഫ് അകത്ത് നിൽക്കുന്നതാണെന്ന് തോന്നിയിട്ട് ഉള്ളിൽ കയറി. ഞാൻ നേരെ ജയിൽ സൂപ്രണ്ടിന്റെ അടുത്തേക്കാണ് പോയത്.

പുള്ളി വലിയ സ്വീകരണം തന്നു. ഞാൻ സാറിന്റെ ആരാധകനാണെന്നൊക്കെ പറഞ്ഞു. തടവുപുള്ളികൾക്കായി ഒരു സിനിമ തരണം എന്നൊക്കെ പറഞ്ഞു. ഇതിനിടയിലാണ് ദിലീപ് അങ്ങോട്ട് വന്നത്. ദിലീപിനോട് നമസ്‌കാരം പറഞ്ഞു. രണ്ട് വാക്ക് പറഞ്ഞ ശേഷം സുരേഷ് കൃഷ്ണയും ദിലീപും അപ്പുറത്തേക്ക് മാറി നിന്ന് ഇരുവരും സംസാരിച്ചു. ഞാനും സൂപ്രണ്ടും അദ്ദേഹത്തിന്റെ ടേബിളിൽ ഇരുന്ന് സംസാരിച്ചു. ആകപ്പാടെ 10 മിനുട്ട്.

ഞാൻ പുറത്തിറങ്ങിയിട്ട് അയാൾ നിരപരാധിയാണെന്നാന്നും പറഞ്ഞിട്ടില്ല. നാളെ അയാൾ പ്രതിയാണെങ്കിൽ ശിക്ഷിക്കപ്പെടും. ഇതല്ലാത്ത ആംഗിളിൽ ചിന്തിക്കാൻ താത്പര്യമുള്ള സാമൂഹ്യമാധ്യമങ്ങളിലെ എഴുത്തുകാരോട് എനിക്ക് പറയാനുള്ളത് എന്നെ ഇതുകൊണ്ടൊന്നും പേടിപ്പിക്കാൻ കഴിയില്ല എന്നതാണ്. ഞാൻ കുറേ കൊല്ലമായി. ഇതിലും വലിയ കാറ്റ് വന്നിട്ട് ഇളകിയിട്ടില്ല. എന്റെ നിലപാടുണ്ട്. അതിനനുസരിച്ച് ഞാൻ ജീവിക്കും, രഞ്ജിത് പറഞ്ഞു.

മേളയുടെ ഉദ്ഘാടനവേദിയിൽ അപ്രതീക്ഷിതമായാണ് അതിഥിയായി നടി ഭാവന എത്തിയത്. പോരാട്ടത്തിന്റെ പെൺപ്രതീകമെന്ന് വിശേഷിപ്പിച്ച് കൊണ്ടാണ് ചലച്ചിത്ര അക്കാഡമി ചെയർമാൻ രഞ്ജിത് ഭാവനയെ വേദിയിലേക്ക് ക്ഷണിച്ചത്. 26-ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഭാഗമാകാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നാണ് ഇന്നലെ ഐ.എഫ്.എഫ്.കെ വേദിയിൽ എത്തിയ ഭാവന പറഞ്ഞത്.

RELATED ARTICLES

Most Popular

Recent Comments