കളമശ്ശേരി അപകടം: പോസ്‌റ്റുമോർട്ടം ഇന്ന്; സുരക്ഷാ വീഴ്‌ച പരിശോധിക്കുമെന്ന് മന്ത്രി

0
34

കളമശ്ശേരിയിൽ മണ്ണിടിഞ്ഞ് വീണ് മരിച്ചവരുടെ പോസ്‌റ്റുമോർട്ടം പരിശോധന ഇന്ന് നടക്കും. ഇതിന് ശേഷം മൃതദേഹങ്ങൾ നാളെ സ്വദേശമായപശ്‌ചിമ ബംഗാളിലേക്ക് കൊണ്ടുപോകും. മൃതദേഹങ്ങൾ വിമാനമാർഗം കൊണ്ടുപോകുമെന്ന് മന്ത്രി പി രാജീവ് അറിയിച്ചു.

സംഭവത്തിൽ എഡിഎമ്മിന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തുമെന്നും സുരക്ഷാ വീഴ്‌ചകൾ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. സാധാരണ ഇന്റസ്‌ട്രിയൽ മേഖലയിൽ നിർമാണത്തിന് പ്രത്യേക അനുമതിയുടെ ആവശ്യമില്ലെന്ന് പറഞ്ഞ മന്ത്രി, സ്‌ഥലത്ത് എന്തെല്ലാം കാര്യങ്ങളാണ് നടന്നതെന്ന് എഡിഎം പരിശോധിക്കുമെന്നും വ്യക്‌തമാക്കി.

ഏഴ് പേരായിരുന്നു അപകട സമയത്ത് നിർമാണ ജോലിയിൽ ഏർപ്പെട്ടിരുന്നത്. നാല് പേർക്ക് അപകടത്തിൽ ജീവൻ നഷ്‌ടപ്പെട്ടു. കുഴിയിൽ അകപ്പെട്ട എല്ലാവരേയും രക്ഷപ്പെടുത്തിയതായി സ്‌ഥിരീകരിച്ചതിനാൽ ഇന്നലെ രാത്രിയോടെ രക്ഷാ പ്രവർത്തനം അവസാനിപ്പിച്ചിരുന്നു.

ഇവരിൽ ഒരാൾ ആദ്യം സ്വയം രക്ഷപ്പെട്ടിരുന്നു. ബാക്കി ആറുപേരിൽ രണ്ടുപേരെ ആദ്യം രക്ഷപ്പെടുത്തിയിരുന്നു. മണ്ണിനടിയിൽ കുടുങ്ങിയ നാല് പേരാണ് മരിച്ചത്. ഇവരെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്‌ഥിരീകരിച്ചതായി ജില്ലാ ഫയർ ഓഫിസർ ജോജി അറിയിക്കുകയായിരുന്നു. പശ്‌ചിമ ബംഗാൾ സ്വദേശികളായ നാല് തൊഴിലാളികളാണ് മരിച്ചത്. ഫൈജുൽ മണ്ഡൽ, കുടൂസ് മണ്ഡൽ, നൗജേഷ് മണ്ഡൽ, നൂറാമിൻ മണ്ഡൽ എന്നിവരാണ് മരിച്ചത്.

കളമശ്ശേരിയിൽ നെസ്‌റ്റ്‌ ഗ്രൂപ്പിന്റെ ഇലക്‌ട്രോണിക്‌സ് സിറ്റി നിർമാണം നടക്കുന്ന സ്‌ഥലത്താണ് മണ്ണിടിഞ്ഞ് അപകടമുണ്ടായത്. അതേസമയം അപകടത്തെ കുറിച്ച് അന്വേഷണം നടത്താൻ ജില്ലാ കളക്‌ടർ നിർദ്ദേശിച്ചിട്ടുണ്ട്. അഞ്ചുദിവസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കാൻ അവശ്യപ്പെട്ടതായി ജില്ലാ കളക്‌ടർ ജാഫർ മാലിക്ക് അറിയിച്ചു. കളമശ്ശേരിയിൽ നെസ്‌റ്റ്‌ ഗ്രൂപ്പിന്റെ ഇലക്‌ട്രോണിക്‌സ് സിറ്റി നിർമാണം നിർത്തിവെക്കുമെന്നും കളക്‌ടർ അറിയിച്ചു.