Tuesday
23 December 2025
28.8 C
Kerala
HomeWorldഉക്രയ്‌ൻ തലസ്ഥാനം കീവ് വീഴുന്നു ; പാര്‍പ്പിട സമുച്ചയങ്ങള്‍ തകര്‍ത്തു

ഉക്രയ്‌ൻ തലസ്ഥാനം കീവ് വീഴുന്നു ; പാര്‍പ്പിട സമുച്ചയങ്ങള്‍ തകര്‍ത്തു

ഉക്രയ്‌ൻ തലസ്ഥാനം കീവിൽ വ്യോമാക്രമണം രൂക്ഷമാക്കി റഷ്യ. ഇതുവരെ നഗരപരിധിക്ക്‌ പുറത്തു കേന്ദ്രീകരിച്ചിരുന്ന ആക്രമണമാണ്‌ തിങ്കൾ രാത്രിമുതൽ നഗരത്തിനുള്ളിലേക്ക്‌ വ്യാപിപ്പിച്ചത്‌.  കീവിലെ 15 നില പാർപ്പിട സമുച്ചയം അ​ഗ്നിക്കിരയായി. നാല്‌ ബഹുനില കെട്ടിടം ആക്രമണത്തിൽ തകർന്നതായി ഉക്രയ്‌ൻ പ്രസിഡന്റ്‌ വ്‌ലോദിമിർ സെലൻസ്കി പറഞ്ഞു. നിരവധിയാളുകൾ മരിച്ചു. നഗരത്തിൽ വിവിധയിടങ്ങളിൽ സ്‌ഫോടനമുണ്ടായി. നഗരത്തിൽ ചൊവ്വ രാത്രി എട്ടുമുതൽ 35 മണിക്കൂർ കർഫ്യൂ പ്രഖ്യാപിച്ചു. കീവ്‌ അപകടകരമായ സമയത്തെ അഭിമുഖീകരിക്കുന്നെന്നും രണ്ടുദിവസം എല്ലാവരും വീട്ടിൽത്തന്നെ കഴിയണമെന്നും മേയർ പറഞ്ഞു.

സ്‌ഫോടനത്തിൽ നഗരത്തിലെ മെട്രോ സ്‌റ്റേഷൻ തകർന്നു. ഇവിടം ബങ്കറായി ഉപയോഗിച്ചിരുന്നവരെ ഒഴിപ്പിക്കാൻ നടപടി സ്വീകരിച്ചുവരുന്നു. കിഴക്കൻ നഗരം നിപ്രോയിലെ വിമാനത്താവളത്തിലും രണ്ടുതവണ മിസൈൽ ആക്രമണമുണ്ടായി. റൺവേ പൂർണമായും തകർന്നു. കീവിൽനിന്നടക്കം കുടുങ്ങിക്കിടക്കുന്നവരെ ഒഴിപ്പിക്കാൻ ഒമ്പത്‌ മാനുഷിക ഇടനാഴി പ്രഖ്യാപിച്ചിട്ടുണ്ട്‌. പോഡിൽസ്കി ജില്ലയിലെ പത്തുനില കെട്ടിടവും ആക്രമണത്തിൽ ഭാഗികമായി തകർന്നു.

അഭയാർഥികൾ 30 ലക്ഷം
ഉക്രയ്‌നിൽനിന്ന്‌ പലായനം ചെയ്തവരുടെ എണ്ണം 30 ലക്ഷം കടന്നു. ഇതിൽ 1.57 ലക്ഷം പേർ ഉക്രയ്‌ൻ പൗരരല്ലാത്തവരാണ്‌. രണ്ടാം ലോകയുദ്ധത്തിനുശേഷം യൂറോപ്പിലുണ്ടായ ഏറ്റവും വലിയ അഭയാർഥി പ്രതിസന്ധിയാണ് ഇതെന്ന്‌ യുഎൻ ചൂണ്ടിക്കാട്ടി. ഉക്രയ്‌ൻ വിട്ടവരിൽ 18 ലക്ഷം പേർ പോളണ്ടിലെത്തി. രക്ഷപ്പെട്ടവരിൽ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്.

3 പ്രധാനമന്ത്രിമാർ കീവിലേക്ക്‌
ഉക്രയ്‌ന്‌ പിന്തുണ അറിയിക്കാൻ മൂന്ന്‌ രാഷ്ട്രത്തലവന്മാർ കീവിലേക്ക്‌. യൂറോപ്യൻ യൂണിയൻ പ്രതിനിധികളായാണ്‌ പോളിഷ്‌ പ്രധാനമന്ത്രി മതിയൂസ്‌ മോറെവിയെകി, ചെക്‌ പ്രധാനമന്ത്രി പെടർ ഫിയാല, സ്ലൊവേനിയൻ പ്രധാനമന്ത്രി ജാനസ്‌ യാൻഷ എന്നിവർ കീവിലെത്തുന്നത്‌. റഷ്യൻ ആക്രമണത്തോടുള്ള പ്രതിഷേധസൂചകമായി ട്രെയിനിലാണ്‌ മൂവരുടെയും യാത്ര. ഉക്രയ്‌ൻ പ്രധാനമന്ത്രി, പ്രസിഡന്റ്‌ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. യൂറോപ്യൻ യൂണിയന്റെ ബൃഹദ്‌ സഹായ പാക്കേജ്‌ കൈമാറുകയും ചെയ്യും.

മരിയൂപോളിൽ കൂട്ടഒഴിപ്പിക്കല്‍
റഷ്യൻ ആക്രമണത്തിൽ ഭക്ഷണവും വെള്ളവും വൈദ്യുതിയും മരുന്നുമില്ലാതെ ദുരിതത്തിലായ മരിയൂപോളിൽനിന്ന്‌ ഒഴിപ്പിക്കൽ തുടരുന്നു. തിങ്കളാഴ്ച മുതൽ 2000 വാഹനത്തിലായി ജനങ്ങൾ നഗരത്തിനു പുറത്തു കടന്നതായി അധികൃതർ പറഞ്ഞു. റഷ്യൻ പിടിയിലായ മറ്റൊരു നഗരം സിപോസിയയിലേക്ക്‌ പ്രഖ്യാപിച്ച 260 കിലോമീറ്റർ മാനുഷിക ഇടനാഴി വഴിയാണ്‌ ഒഴിപ്പിക്കൽ. ചൊവ്വാഴ്ച രാവിലെവരെ 300 പേരാണ്‌ സിപോസിയയിൽ എത്തിയിട്ടുള്ളത്‌. യുദ്ധത്തിനുമുമ്പുള്ള കണക്കുകൾ പ്രകാരം 4.3 ലക്ഷം പേരാണ്‌ മരിയൂപോളിലുള്ളത്‌. ആക്രമണത്തിൽ 2300 പേർ കൊല്ലപ്പെട്ടു.

RELATED ARTICLES

Most Popular

Recent Comments