‘ഓരോ 60 സെക്കൻഡിലും ഒരു കുട്ടി അഭയാർഥിയാകുന്നു’: യുക്രൈൻ-റഷ്യ യുദ്ധത്തിൽ യുഎൻ

0
77

റഷ്യയും യുക്രൈനും തമ്മിലുള്ള പോരാട്ടം നാലാം വാരത്തിലേക്ക് കടക്കാനിരിക്കെ, സംഘർഷം മൂലം ഓരോ 60 സെക്കൻഡിലും ഒരു കുട്ടി അഭയാർഥിയായി മാറുന്നതായി ഐക്യരാഷ്‌ട്രസഭ. കഴിഞ്ഞ 20 ദിവസത്തിനിടെ പ്രതിദിനം 70,000ത്തിലധികം കുട്ടികൾ അഭയാർഥികളായി മാറിയെന്ന് ഐക്യരാഷ്‌ട്രസഭയുടെ കുട്ടികളുടെ ഏജൻസിയായ യുണിസെഫിന്റെ വക്‌താവ്‌ പറഞ്ഞു.

ഫെബ്രുവരി 24ന് റഷ്യ യുക്രൈനെ ആക്രമിച്ചതിനുശേഷം മൂന്ന് ദശലക്ഷത്തിലധികം പേർ അഭയാർഥികളായി മാറിയെന്നും അവരിൽ 1.4 ദശലക്ഷം കുട്ടികളാണെന്നും ഐക്യരാഷ്‌ട്രസഭ കണക്കാക്കുന്നു. റഷ്യയുടെആക്രമണം ആരംഭിച്ചതിന് ശേഷം 79 കുട്ടികൾ കൊല്ലപ്പെടുകയും 100ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തതായി യുക്രേനിയൻ ചീഫ് പ്രോസിക്യൂട്ടറുടെ ഓഫിസ് കഴിഞ്ഞ ആഴ്‌ച പറഞ്ഞിരുന്നു.

റഷ്യയുടെ ആക്രമണം രൂക്ഷമായ കീവ്, ഖാർകിവ്, ഡൊനെറ്റ്സ്‌ക്, സുമി, കെർസൺ, സൈറ്റോമിർ മേഖലകളിൽ നിന്നുള്ള കുട്ടികളാണ് ഭൂരിഭാഗവും. തെക്ക്-കിഴക്കൻ നഗരമായ മരിയുപോളിലെ കുട്ടികളുടെ ആശുപത്രിക്ക് നേരെ കഴിഞ്ഞയാഴ്‌ച റഷ്യ നടത്തിയ വ്യോമാക്രമണത്തിൽ ഒരു കുട്ടി ഉൾപ്പടെ മൂന്ന് പേർ കൊല്ലപ്പെടുകയും 17 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു.