12-14 വയസ് വരെയുള്ള കുട്ടികളുടെ വാക്‌സിനേഷൻ; മാർഗനിർദ്ദേശം പുറത്തിറക്കി കേന്ദ്രം

0
88

12 മുതൽ 14 വയസ് വരെയുള്ള കുട്ടികളുടെ കോവിഡ് വാക്‌സിനേഷൻ സംബന്ധിച്ച് മാർഗനിർദ്ദേശം പുറത്തിറക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. 2010 മാർച്ച് 15നോ അതിന് മുൻപോ ജനിച്ച കുട്ടികൾക്കാണ് ഈ ഘട്ടത്തിൽ വാക്‌സിൻ സ്വീകരിക്കാവുന്നത്. കൂടാതെ കോർബെവാക്‌സ് മാത്രമാണ് ഈ പ്രായത്തിലുള്ള കുട്ടികൾക്ക് നൽകുന്നതെന്നും മാർഗനിർദ്ദേശത്തിൽ വ്യക്‌തമാക്കിയിട്ടുണ്ട്‌.

ബുധനാഴ്‌ച മുതലാണ് രാജ്യത്ത് 12 മുതൽ 14 വയസ് വരെയുള്ള കുട്ടികൾക്ക് കോവിഡ് വാക്‌സിൻ വിതരണം ചെയ്യുന്നത്. കോവിനിൽ സ്വന്തമായി അക്കൗണ്ട് തുടങ്ങിയോ ബന്ധുക്കളുടെ അക്കൗണ്ടിലൂടെയോ രജിസ്‌റ്റര്‍ ചെയ്യാവുന്നതാണ്. രാജ്യത്ത് നിലവിൽ 15 വയസിനും അതിന് മുകളിലും പ്രായമുള്ള കുട്ടികൾക്കാണ് വാക്‌സിൻ നൽകുന്നത്. സൈക്കോവ് ഡി, കൊവാക്‌സിൻ, കോർബെവാക്‌സ് എന്നീ മൂന്ന് കോവിഡ് വാക്‌സിനുകളാണ് കുട്ടികളിൽ കുത്തി വെക്കുന്നത്.

രാജ്യത്ത് സ്‌കൂളുകൾ പഴയപടി തുറന്നതോടെ കൂടുതൽ കുട്ടികൾക്ക് വാക്‌സിൻ നൽകി സുരക്ഷ ഉറപ്പാക്കാനാണ് കേന്ദ്രത്തിന്റെ തീരുമാനം. കഴിഞ്ഞ ജനുവരി മൂന്നാം തീയതി മുതലാണ് രാജ്യത്ത് 15 വയസിന് മുകളിലുള്ള കുട്ടികൾക്ക് വാക്‌സിൻ നൽകി തുടങ്ങിയത്. കൂടാതെ നാളെ മുതൽ 60 വയസിന് മുകളിലുള്ള എല്ലാ മുതിർന്ന പൗരൻമാർക്കും ബൂസ്‌റ്റർ ഡോസ് സ്വീകരിക്കാമെന്നും അധികൃതർ വ്യക്‌തമാക്കി.