ഹിജാബ് നിരോധനം; ഹൈക്കോടതി ഉത്തരവിനെതിരെ വിദ്യാർഥികൾ സുപ്രീം കോടതിയിലേക്ക്

0
100

കർണാടകയിലെ സർക്കാർ കോളേജുകളിൽ ഹിജാബ് നിരോധിച്ച സർക്കാർ തീരുമാനത്തെ അനുകൂലിച്ച കർണാടക ഹൈക്കോടതി ഉത്തരവിനെതിരെ വിദ്യാർഥികൾ സുപ്രീം കോടതിയിലേക്ക്. ഉത്തരവിനെതിരെ അപ്പീൽ പോകുമെന്ന് ഉഡുപ്പി കോളേജിലെ വിദ്യാർഥികളാണ് വ്യക്‌തമാക്കിയത്‌. ഹിജാബ് അനിവാര്യമല്ലെന്നാണ് ഹൈക്കോടതി നിരീക്ഷിച്ചത്. തുടർന്ന് ഇടക്കാല വിധി തന്നെ ആവർത്തിക്കുകയാണ് കോടതി ചെയ്‌തത്‌.

ഹിജാബ് മൗലികാവകാശങ്ങളുടെ ഭാഗമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഒരു സംഘം വിദ്യാർഥികൾ ഹൈക്കോടതിയെ സമീപിച്ചത്. തുടർന്ന് വിവിധ സംഘടനകൾ കേസിൽ കക്ഷി ചേരുകയും ചെയ്‌തിരുന്നു. എന്നാൽ ഹിജാബ് മതാചാരങ്ങളുടെയും, മൗലികാവകാശങ്ങളുടെയും ഭാഗമല്ലെന്നും, മതാചാരത്തിന്റെ ഭാഗമെന്ന് തെളിയിക്കാൻ നിലവിൽ വസ്‌തുതകളില്ലെന്നുമാണ് സർക്കാർ വാദം.

ചീഫ് ജസ്‌റ്റിസ് ഋതുരാജ് അവസ്‌ഥി അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. ഹിജാബ് ധരിക്കുന്നത് ഇസ്‌ലാം മതത്തിൽ അവിഭാജ്യ ഘടകമല്ലെന്നാണ് കോടതി വ്യക്‌തമാക്കിയത്‌. അതേസമയം വിധി പ്രഖ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ നാളെ മുതൽ 21ആം തീയതി വരെ തലസ്‌ഥാന നഗരമായ ബെംഗളൂരുവിൽ നിരോധനാജ്‌ഞ പ്രഖ്യാപിച്ചിട്ടുണ്ട്.