സംസ്ഥാനത്തിന്റെ 25 വർഷത്തെ വികസന കാഴ്‌ചപ്പാട് പ്രതിഫലിപ്പിക്കുന്ന ബജറ്റ്: കോടിയേരി

0
48

25 വർഷത്തെ സംസ്ഥാനത്തിന്റെ വികസന കാഴ്ചപ്പാടും ബദൽ നയങ്ങളും പ്രതിഫലിപ്പിക്കുന്നതാണ് സംസ്ഥാന ബജറ്റെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.പുതിയ കാലഘട്ടം മുന്നോട്ടുവയ്ക്കുന്ന പരിമിതികളെയും സാധ്യതകളെയും മുന്നിൽ കണ്ടുകൊണ്ട് തയ്യാറാക്കപ്പെട്ടതാണ് ഈ ബജറ്റ്. വൈജ്ഞാനിക സമൂഹമായി കേരളത്തെ പരിവർത്തിപ്പിച്ച് ഉൽപ്പാദനവുമായി ബന്ധിപ്പിക്കുന്നതിനുള്ള നടപടികൾ ബജറ്റ് മുന്നോട്ടുവയ്ക്കുന്നുവെന്നും കോടിയേരി വ്യക്തമാക്കി.

കാർഷിക മൂല്യവർധനവിലൂടെ കേരളത്തിന്റെ കാർഷിക മേഖലയെ സംരക്ഷിക്കുക എന്ന സമീപനവും ബജറ്റിന്റെ സവിശേഷതയാണ്. സഹകരണ മേഖലയെ തൊഴിൽ സൃഷ്ടിക്കും വികസനത്തിനുമായി ഉപയോഗിക്കുന്ന പദ്ധതികളും നിർദ്ദേശിക്കുന്നുണ്ട്.പൊതുമേഖലയെ സംരക്ഷിക്കുന്നതിനും പുതിയ സാധ്യതകളെ ഉപയോഗപ്പെടുത്തുന്നതിനും ഉതകുന്ന സമീപനം ബജറ്റിലുണ്ട്. ഐടി മേഖല ശക്തിപ്പെടുത്താനും സ്റ്റാർട്ടപ്പുകൾ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള നിർദ്ദേശങ്ങൾ അഭ്യസ്തവിദ്യരുടെ തൊഴിൽ പ്രതീക്ഷകളെ അഭിമുഖീകരിച്ചുകൊണ്ടുള്ളതാണ്.

പരമ്പരാഗത മേഖലയെ ആധുനികവൽക്കരിച്ചുകൊണ്ട് ഈ മേഖലയെ സംരക്ഷിക്കുന്ന സമീപനവും ബജറ്റിന്റെ മറ്റൊരു സവിശേഷതയാണ്. ആഗോളതാപനവും, അത് സൃഷ്ടിക്കുന്ന കാലാവസ്ഥാ വ്യതിയാനവും ഉയർത്തുന്ന പ്രശ്‌നപരിഹാരത്തിനും യുദ്ധത്തിനെതിരായ ബോധവൽക്കരണത്തിനും പ്രാധാന്യം നൽകിക്കൊണ്ടുള്ള ബജറ്റ് കാലിക പ്രശ്‌നങ്ങളിൽ ഇടപെടുന്നതും സർവ്വതല സ്പർശിയായതും കൂടിയാണ്.

കേരളത്തിന്റെ വികസനത്തിന് ഉതകുന്നവിധത്തിലുള്ള സ്വകാര്യമൂലധനത്തെ ആകർഷിക്കുന്നതിന് സഹായകമായ പശ്ചാത്തല സൗകര്യവികസനത്തിനും ഈ ബജറ്റ് ഊൽ നൽകുന്നുണ്ട്. പ്രത്യേക ശ്രദ്ധ വേണ്ട പട്ടികജാതി, പട്ടികവർഗ്ഗക്കാരുടെയും മത്സ്യത്തൊഴിലാളികളുടെയും സ്ത്രീകളുടെയും ഉമനത്തിന് പ്രത്യേക ഊന്നൽ നൽകുന്നുവെന്നതും എടുത്തുപറയേണ്ടതാണ്. ട്രാൻസ്‌ജെന്ററുകൾക്ക് തൊഴിലവസരം സൃഷ്ടിക്കാനും സാമൂഹ്യപരിരക്ഷ നൽകാനുമുള്ള മഴവിൽ പദ്ധതിയും ശ്രദ്ധേയമാണ്. പട്ടികജാതി, പട്ടികവർഗ്ഗക്കാരുടെ വിദ്യാഭ്യാസ ആനുകൂല്യങ്ങൾ വർധിപ്പിക്കുന്ന നടപടിയും ഈ സമീപനത്തിന്റെ തുടർച്ചയാണ്.

ജീവിതശൈലി രോഗങ്ങളിൽ ഉഴലുന്ന കേരളത്തിൽ പുതിയ ഒരു കായിക സംസ്‌കാരം രൂപപ്പെടുത്തുന്നതിനുള്ള ദീർഘവീക്ഷണത്തോടുള്ള പദ്ധതികളും ബജറ്റ് മുന്നോട്ടുവയ്ക്കുന്നുണ്ട്. ആരോഗ്യമേഖലയിൽ കേരളത്തെ അത്യുന്നത കേന്ദ്രമാക്കി മാറ്റുന്നതിനുതകു്ന്ന കാൽവെയ്പ്പുകളും ഇതിലുണ്ട്. നമ്മുടെ സമൂഹത്തിന്റെ ജീവിത നിലവാരം അടുത്ത 25 വർഷക്കാലയളവിൽ വികസിത രാജ്യങ്ങൾക്ക് തുല്യമായി ഉയർത്തുന്നതിന് ഉതകുന്ന സമീപനം ഈ ബജറ്റിലുടനീളമുണ്ട്. അതിന്റെ ഭാഗമായാണ് അതീവദാരിദ്ര നിർമ്മാർജ്ജനം, ഭവനരഹിതരില്ലാത്ത കേരളം, എല്ലാവർക്കും ശുദ്ധജലം ലഭ്യമാക്കൽ തുടങ്ങിയവ ഉൾപ്പെടുത്തിയിരിക്കുന്നത്.

അധികാരവികേന്ദ്രീകരണം ഫലപ്രദമായി നടപ്പാക്കുക, സർക്കാർ സേവനങ്ങൾ ജനങ്ങളിലെത്തിക്കുക, ഭക്ഷ്യസുരക്ഷ ഉറപ്പാക്കുക, വിലക്കയറ്റം തടയുക, ഉന്നതവിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുക, ഗവേഷണത്തിന്റെ നൂതന മേഖലകളിൽ കുതിച്ചുചാട്ടം നടത്തുക എന്നിവയും അതിന്റെ തുടർച്ചയാണ്.പൊതുമേഖലയെ തകർക്കുന്ന നയത്തിനും കാർഷികമേഖലയിൽ നിന്നും സാമൂഹ്യസുരക്ഷാ മേഖലയിൽ നിന്നും സർക്കാരുകൾ പിൻമാറുന്ന ആഗോളവൽക്കരണ നയത്തിനും ബദലായി അവയെ സംരക്ഷിക്കുന്നതിനുള്ള ഊന്നൽ നൽകിക്കൊണ്ട് ബദൽ സമീപനം ഉയർത്തിപ്പിടിക്കുന്നതാണ് ഈ ബജറ്റ്. നവകേരള സൃഷ്ടിക്കായുള്ള സർക്കാരിന്റെ ഇടപെടലുകൾക്ക് മറ്റൊരു ചുവടുവെയ്പ്പാണ് ഈ ബജറ്റെന്നും കോടിയേരി ബാലകൃഷ്ണൻ പ്രസ്താവനയിൽ പറഞ്ഞു.