പഠനത്തോടൊപ്പം വരുമാനവും; വിദ്യാർഥികൾക്ക് പുതിയ പദ്ധതി

0
46

വിദ്യാർഥികൾക്ക് പഠനത്തോടൊപ്പം വരുമാനവും ലഭിക്കുന്നതിനായുള്ള പദ്ധതികൾ പ്രഖ്യാപിച്ച് ധനമന്ത്രി കെഎൻ ബാലഗോപാൽ. ഉന്നത വിദ്യഭ്യാസ മേഖലയിൽ സമൂലമായ മാറ്റം കൊണ്ടുവരുന്നതിന്റെ ഭാഗമായാണിത്. എഞ്ചിനിയറിംഗ് കോളജുകൾ, ആർട്ട്‌സ് കോളജുകൾ, പോളി ടെക്‌നിക് എന്നിവയോട് ചേർന്ന് ആധുനിക സാങ്കേതിക സൗകര്യങ്ങളോടെ ചെറിയ വ്യവസായ യൂണിറ്റുകൾ തുടങ്ങും. ഇതിലൂടെ വിദ്യാർഥികൾക്ക് പഠനത്തോടൊപ്പം സാമ്പത്തിക ഉൽപാദന പ്രക്രിയയിൽ ഭാഗമാകാനും പരിശീലനം നേടാനും സാധിക്കും.

കേരളത്തിലെ 14 ജില്ലകളിലും ഇത് ആരംഭിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചു. ഇതിനായി 25 കോടി രൂപ വകയിരുത്തുകയും ചെയ്‌തിട്ടുണ്ട്‌. കൂടാതെ സർവകലാശാലകൾക്ക് 20 കോടി വീതം ആകെ 200 കോടി തുക നീക്കി വച്ചതായി പ്രഖ്യാപിച്ചു. സർവകലാശാലകളിൽ സ്‌റ്റാർട്ട് അപ് ഇൻക്യുബേഷൻ സെന്ററുകൾക്ക് 20 കോടി രൂപയും സർവകലാശാലകളിൽ ഇന്റർനാഷണൽ ഹോസ്‌റ്റൽ സൗകര്യവും ഏർപ്പെടുത്തുമെന്ന് ബജറ്റ് പ്രസംഗ വേളയിൽ ധനമന്ത്രി അറിയിച്ചു.

സംസ്‌ഥാനത്തെ കോളേജുകളിൽ 1500 പുതിയ ഹോസ്‌റ്റൽ റൂമുകളും, 150 ഇന്റർനാഷണൽ ഹോസ്‌റ്റൽ റൂമുകളും ആരംഭിക്കും. 100 കോടി രൂപയാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്. കൂടാതെ തിരുവനന്തപുരത്ത് മെഡിക്കൽ ടെക് ഇന്നോവേഷൻ കേന്ദ്രം 100 കോടി രൂപ ചിലവിൽ നിർമിക്കുമെന്നും, ജിനോമിക് ഡാറ്റാ സെന്റർ സ്‌ഥാപിക്കാൻ 50 കോടി മാറ്റിവച്ചതായും ധനമന്ത്രി വ്യക്‌തമാക്കി.