തിരുവല്ലം കസ്റ്റഡി മരണം; മൂന്ന്‌ പൊലീസുകാർക്ക്‌ സസ്‌പെൻഷൻ

0
102

തിരുവല്ലത്ത്‌ കസ്റ്റഡിയിൽ യുവാവ്‌ മരിച്ച സംഭവത്തിൽ മൂന്ന്‌ പൊലീസുകാർക്ക്‌ സസ്‌പെൻഷൻ. എസ്‌ഐ വിപിൻ, ഗ്രേഡ്‌ എസ്‌ഐ സജീവ്‌, വൈശാഖ്‌ എന്നിവരെയാണ്‌ അറസ്റ്റ്‌ ചെയ്യുമ്പോഴുള്ള നടപടിക്രമം പാലിക്കാതിരുന്നതിന്‌ സിറ്റി പൊലീസ്‌ കമീഷണർ ജി സ്പർജൻകുമാർ അന്വേഷണവിധേയമായി സസ്‌പെൻഡ്‌ ചെയ്‌തത്‌. എസ്‌എച്ച്‌ഒയ്‌ക്ക്‌ കാരണം കാണിക്കൽ നോട്ടീസും നൽകി.

തിരുവല്ലത്തിനടുത്ത ജഡ്‌ജിക്കുന്ന്‌ സന്ദർശിക്കാനെത്തിയ ദമ്പതികളെ ആക്രമിച്ചതായി ആരോപിച്ചാണ്‌ സുരേഷടക്കം അഞ്ചുപേരെ കസ്റ്റഡിയിലെടുത്തത്‌. സുരേഷിന്റെ മരണം ഹൃദയാഘാതത്തെ തുടർന്നാണെന്ന്‌ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്‌ പുറത്തുവന്നിരുന്നു.

മരണകാരണമാകുന്ന പരിക്കുകൾ ശരീരത്തിലില്ലെന്നും റിപ്പോർട്ടിലുണ്ട്‌. ഈ സാഹചര്യത്തിൽ കേസിൽ പൊലീസുകാർക്കെതിരെ മർദനം, കൊലപാതകം തുടങ്ങിയ വകുപ്പുകൾ ഉടൻ ചുമത്തേണ്ടത്തില്ലെന്ന് ക്രൈംബ്രാഞ്ച് തീരുമാനിച്ചു.