വിവാദവ്യവസായം : മറ്റെല്ലാം ചീറ്റിയപ്പോൾ മത്സ്യബന്ധനത്തെച്ചൊല്ലി

0
76

കേരളത്തിലെ ജനങ്ങളുമായി ഹൃദയ ഐക്യം സ്ഥാപിച്ച പ്രസ്ഥാനമാണ്‌ സിപിഐ എം നേതൃത്വം നൽകുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി. സ്‌പ്രിങ്ക്‌ളർ, സ്വർണക്കടത്ത്‌, ഇൗന്തപ്പഴ ഇറക്കുമതി,  ഖുർആൻ ഇറക്കുമതി, ഡോളർ വ്യാപാരം, മയക്കുമരുന്ന്‌ കടത്ത് തുടങ്ങി വിവാദങ്ങളുടെ പെരുമഴക്കാലത്താണ്‌ തദ്ദേശ തെരഞ്ഞെടുപ്പ്‌ നടന്നത്‌. ‌എന്നാൽ, അതിൽ ഒലിച്ചുപോകാതെ പിടിച്ചുനിൽക്കുകയും ഭൂരിപക്ഷം ജനങ്ങളുടെ പിന്തുണയാർജിച്ച്‌ വൻവിജയം നേടിയതും ഇടതുപക്ഷ ജനാധിപത്യ മുന്നണിയായിരുന്നു.

വിവാദങ്ങൾ കൊട്ടിപ്പൊക്കി വന്ന യുഡിഎഫും ബിജെപിയും ജനരോഷത്തിൽ ഒഴുകിപ്പോകുന്ന കാഴ്‌ചയാണ്‌ കേരളം കണ്ടത്‌. നിയമസഭാ തെരഞ്ഞെടുപ്പ്‌ അടുത്തിരിക്കെ തുടർഭരണത്തെക്കുറിച്ചുള്ള ചർച്ചകളും സജീവമാണ്‌. ഇതോടെ നിലവിട്ട പെരുമാറ്റമാണ്‌ യുഡിഎഫ്‌ നേതാക്കളുടെ ഭാഗത്തുനിന്ന്‌ ഉണ്ടാകുന്നത്‌.
തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ വീഴ്‌ചയിൽനിന്ന്‌ പാഠം പഠിക്കാൻ തയ്യാറാകാതെ, പുതിയ വിവാദങ്ങൾ ഉയർത്തി പിണറായി വിജയൻ സർക്കാരിന്റെ പ്രതിച്ഛായക്ക്‌‌‌ കോട്ടം വരുത്താൻ കഴിയുമോ എന്നാണ്‌ പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തലയും കൂട്ടരും ഗവേഷണം നടത്തുന്നത്‌.

ഭരണമാറ്റം അതിയായി ആഗ്രഹിക്കുന്ന ചില വലതുപക്ഷ മാധ്യമപ്രവർത്തകരും ഉയർന്ന ഉദ്യോഗസ്ഥരും ഒക്കെത്തന്നെ ഈ വിവാദ വ്യവസായ പ്രോജക്ടിന്റെ ഭാഗമാണെന്നുവേണം കരുതാൻ. അതിന്റെ ഫലമാണ്‌ കഴിഞ്ഞ ദിവസം ചെന്നിത്തല ആരോപിച്ച ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട ഉണ്ടയില്ലാ വെടി. ആഴക്കടൽ മത്സ്യബന്ധനത്തിന്‌ അമേരിക്കൻ കമ്പനിക്ക്‌ അനുമതി നൽകിയെന്നും അതിന്റെ ഭാഗമായി 400 ട്രോളറും അഞ്ച്‌ കപ്പലും നിർമിക്കാൻ ധാരണപത്രം ഒപ്പുവച്ചുവെന്നുമായിരുന്നു ചെന്നിത്തലയുടെ ആരോപണം. ആഴക്കടൽ മത്സ്യബന്ധനത്തെക്കുറിച്ച്‌ കേന്ദ്രസർക്കാരാണ്‌ അന്തിമ തീരുമാനം എടുക്കേണ്ടത്‌ എന്ന വസ്‌തുതപോലും മറച്ചുവയ്‌ക്കപ്പെട്ടു.

മന്ത്രിസഭ ചർച്ചചെയ്യാതെ ആഗോള ടെൻഡർ വിളിക്കാതെയാണ്‌ ഈ കരാറിലെത്തിയതെന്നും പ്രതിപക്ഷനേതാവ്‌ തട്ടിവിട്ടു. അത്‌ വെള്ളം കൂട്ടാതെ വിഴുങ്ങാൻ ‘സ്വതന്ത്ര’മെന്ന്‌ നാഴികയ്‌ക്ക്‌ നാൽപ്പതുവട്ടം ഉരുവിടുന്ന ചില മാധ്യമങ്ങൾ തയ്യാറാകുകയും ചെയ്‌തു. മൂന്ന്‌ ലക്ഷത്തിലധികം വരുന്ന മത്സ്യത്തൊഴിലാളികളെ തെറ്റിദ്ധരിപ്പിച്ച്‌ അവരുടെയും കുടുംബത്തിന്റെയും വോട്ടിൽ കണ്ണുനട്ടുള്ള വിലകുറഞ്ഞ ആരോപണം മാത്രമായിരുന്നു ഇതെന്ന്‌ വസ്‌തുതകളുടെ ഇഴകീറിയുള്ള പരിശോധന വ്യക്തമാക്കും.

ആഴക്കടൽ മത്സ്യബന്ധനം സംബന്ധിച്ച്‌ എൽഡിഎഫിന്റെ നയം പരിശോധിക്കാം. ആഴക്കടൽ മത്സ്യബന്ധനത്തിന്‌ തദ്ദേശ, വിദേശ കുത്തകകളെ അനുവദിക്കില്ലെന്നതാണ്‌ എൽഡിഎഫിന്റെ സുവ്യക്തമായ നയം. മത്സ്യത്തൊഴിലാളികളെ പ്രതികൂലമായി ബാധിക്കുന്ന ഒരുനടപടിയും ഉണ്ടാകില്ലെന്നതാണ്‌ സർക്കാരിന്റെ നയമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻതന്നെ വാർത്താസമ്മേളനം നടത്തി പ്രഖ്യാപിച്ചു. ഫിഷറീസ്‌ മന്ത്രി ജെ മേഴ്‌സിക്കുട്ടിഅമ്മയും ഇതാവർത്തിച്ചു.

എന്നാൽ, ഇതുസംബന്ധിച്ച്‌ കോൺഗ്രസിന്റെ നയമെന്താണ്‌. രാജ്യത്ത്‌ ആഴക്കടൽ മത്സ്യബന്ധനത്തിന്‌ വിദേശ ട്രോളറുകൾക്ക്‌ അനുമതി നൽകിയത്‌ നരസിംഹറാവു സർക്കാരിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ്‌ സർക്കാരാണ്‌. അന്ന്‌ ലോക്‌സഭാംഗമെന്ന നിലയിൽ ഈ നയത്തിന്‌ അനുകൂലമായി കൈ ഉയർത്തിയ നേതാവാണ്‌ രമേശ്‌ ചെന്നിത്തല. ഉദാരവൽക്കരണനയത്തിന്റെ ഭാഗമായുള്ള ഈ നടപടിക്കെതിരെ ശക്തമായ പ്രതിഷേധപ്രസ്ഥാനം ഉയർത്തിക്കൊണ്ടുവന്നത്‌ ഇടതുപക്ഷം തന്നെയാണ്‌.

ആ പ്രതിഷേധത്തെ പുച്‌ഛിക്കുകയും പരിഹസിക്കുകയും ചെയ്‌ത ചെന്നിത്തലയും കൂട്ടരുമാണിപ്പോൾ ആഴക്കടൽ മത്സ്യബന്ധനത്തിന്റെ പേരിൽ മുതലക്കണ്ണീർ ഒഴുക്കുന്നത്‌. നാല്‌ വോട്ട്‌ കിട്ടാൻ എന്ത്‌ നാടകവും ആടാൻ തയ്യാറായി നിൽക്കുന്ന ഒരുകൂട്ടം മാത്രമാണ്‌ ഇവരെന്ന്‌ തിരിച്ചറിയാൻ കേരളത്തിലെ പ്രബുദ്ധരായ ജനങ്ങൾക്ക്‌ കഴിയും.
കരാർ എന്നു‌പറഞ്ഞ്‌ ചെന്നിത്തല പുറത്തുവിട്ട കടലാസ്‌ യഥാർഥത്തിൽ വ്യവസായമന്ത്രിക്ക്‌ ഇഎംസിസി ഇന്റർനാഷണൽ(ഇന്ത്യ) എന്ന കമ്പനി മേധാവികൾ നൽകിയ അപേക്ഷയാണെന്നതാണ്‌ വിചിത്രം.

എൽഡിഎഫ്‌ കൺവീനർ എ വിജയരാഘവൻ പറഞ്ഞതുപോലെ പ്രതിപക്ഷനേതാവ്‌ ഉയർത്തിക്കാട്ടുന്ന കടലാസ്‌ കഷണങ്ങൾക്ക്‌ വിശ്വാസ്യത തൊട്ടുതീണ്ടിയിട്ടില്ല. ‌മുൻ ആഭ്യന്തര, ഗ്രാമവികസന മന്ത്രി, നാല്‌ വട്ടം എംപി, എൻഎസ്‌യുഐ, യൂത്ത്‌ കോൺഗ്രസ്‌ എന്നിവയുടെ ദേശീയ അധ്യക്ഷൻ എന്ന നിലകളിൽ പ്രവർത്തിച്ച പ്രതിപക്ഷനേതാവിന്‌ കരാറും അപേക്ഷയും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാനാകില്ലെങ്കിൽ അത്‌ അദ്ദേഹത്തിന്റെ കഴിവുകേടാണ്‌ വെളിച്ചത്തുകൊണ്ടുവരുന്നത്‌. തെരഞ്ഞെടുപ്പിന്റെ ചുക്കാൻപിടിക്കാൻ കോൺഗ്രസ്‌ നേതൃത്വം ഉമ്മൻചാണ്ടിയെ ഏൽപ്പിച്ചത്‌ ഇതോടൊപ്പം കൂട്ടിവായിക്കേണ്ടിവരും.

ഒരു പദ്ധതിരേഖ മാത്രമാണ്‌ സമർപ്പിച്ചതെന്നാണ്‌‌ കമ്പനി ഉടമ ഷിബു വർഗീസ്‌തന്നെ പറഞ്ഞിട്ടുള്ളത്‌. അപേക്ഷയിലാണ്‌ ട്രോളർ നിർമാണത്തെക്കുറിച്ചും കപ്പൽ നിർമാണത്തെക്കുറിച്ചും പറയുന്നത്‌. ഇത്തരം പദ്ധതികളുടെ ധാരണപത്രം ഒപ്പുവച്ചാൽപ്പോലും അന്തിമഘട്ടത്തിലാണ്‌ സർക്കാരിന്റെയും മന്ത്രിസഭയുടെയും പരിഗണനയ്‌ക്ക്‌ വരിക. ആ ഘട്ടത്തിലാണ്‌ നയപരവും നിയമപരവുമായ പരിശോധന നടക്കുക. പദ്ധതി സർക്കാരിന്റെ പ്രഖ്യാപിതനയത്തിന്‌ എതിരാണെങ്കിൽ സ്വാഭാവികമായും സർക്കാർ അനുമതി നിഷേധിക്കുകയും ചെയ്യുമെന്ന്‌ മുഖ്യമന്ത്രി അർഥശങ്കയ്‌ക്കിടയില്ലാത്ത വിധം വ്യക്തമാക്കുകയും ചെയ്‌തു. എന്നിട്ടും അപവാദ പ്രചാരണത്തിൽ ഏർപ്പെടുന്നത്‌ വോട്ടിൽ കണ്ണുനട്ടല്ലാതെ മറ്റെന്തിനാണ്‌?

മന്ത്രി മേഴ്‌സിക്കുട്ടിഅമ്മ ന്യൂയോർക്കിൽവച്ചാണ്‌ ഇഎംസിസി ഉടമകളുമായി ചർച്ച നടത്തിയതെന്നു പറഞ്ഞ ചെന്നിത്തല അതിന്‌ തെളിവായി ഹാജരാക്കിയത്‌ സെക്രട്ടറിയറ്റിലെ മന്ത്രിയുടെ ഓഫീസിൽ കമ്പനി ഉടമകൾ നിവേദനം നൽകുന്ന ചിത്രമാണ്‌. ചെന്നിത്തലയുടെ ആരോപണങ്ങളുടെ രീതിശാസ്‌ത്രം ഇതാണ്‌. ഏതെങ്കിലും ഒരുകടലാസ്‌ പൊക്കിപ്പിടിച്ച്‌ സംശയത്തിന്റെ പുകമറ സൃഷ്ടിച്ച്‌ രാഷ്ട്രീയലാഭം കൊയ്യാനുള്ള വിലകുറഞ്ഞ നീക്കം. ഇത്‌ മത്സ്യത്തൊഴിലാളികളെ സഹായിക്കാനല്ല. അവർ അത്‌ തിരിച്ചറിയുകതന്നെ ചെയ്യും. സർക്കാർനയത്തിന്‌ വിരുദ്ധമായി ധാരണപത്രം ഒപ്പിട്ടുവെങ്കിൽ അത്‌ എങ്ങനെ സംഭവിച്ചുവെന്ന്‌ സർക്കാർ പരിശോധിക്കണം. കർശനമായ നടപടികൾ സ്വീകരിക്കുകയും വേണം. ഇതിനുപിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടെങ്കിൽ അതും പുറത്തുകൊണ്ടുവരണം.