വര്‍ക്കല ദുരന്തം: രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടിയായത് വളര്‍ത്തു നായയും റിമോട്ട് കണ്‍ട്രോള്‍ ഗേറ്റും

0
94

വര്‍ക്കലയില്‍ വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേര്‍ വെന്തുമരിച്ച സംഭവത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടിയായത് റിമോട്ട് കണ്‍ട്രോള്‍ ഗേറ്റും വളര്‍ത്തു നായയുമെന്ന് റിപ്പോര്‍ട്ട്.

വീട്ടില്‍ നിന്നും തീ ഉയരുന്നത് കണ്ട അയല്‍വാസികള്‍ ഓടികൂടിയെങ്കിലും റിമോട്ട് സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഗേറ്റ് ആയതിനാല്‍ പെട്ടെന്ന് തുറക്കാന്‍ കഴിഞ്ഞില്ല. ഇതിന് പുറമേ മുറ്റത്ത് വളര്‍ത്തുനായ കൂടി ഉണ്ടായിരുന്നതിനാല്‍ മതില്‍ ചാടികടന്നുള്ള രക്ഷാപ്രവര്‍ത്തനവും ദ്രുതഗതിയില്‍ സാധ്യമായില്ലെന്ന് വര്‍ക്കല എംഎല്‍എ വി ജോയ് പ്രതികരിച്ചു.

നാട്ടുകാര്‍ നൽകിയ വിവരമനുസരിച്ച് എത്തിയ പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് ഗേറ്റ് തകര്‍ത്താണ് അകത്തുകടന്നത്. പുറത്ത് നിന്നും കഴിയുന്നിടത്തേക്കെല്ലാം അയല്‍വാസികള്‍ വെള്ളം ഒഴിച്ചിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെയായിരുന്നു വര്‍ക്കലയില്‍ ചെറുന്നിയൂരില്‍ വീടിന് തീപിടിച്ചത്.

പുത്തന്‍ചന്തയിലെ പച്ചക്കറി വ്യാപാരിയായ പ്രതാപന്റെ വീടിനാണ് തീ പിടിച്ചത്. പ്രതാപന്‍ (62), ഭാര്യ ഷെര്‍ലി(52), മകന്‍ അഖില്‍ (25), മരുമകള്‍ അഭിരാമി(24), അഭിരാമിയുടെ എട്ട് മാസം പ്രായമുള്ള കുഞ്ഞ് എന്നിവർ ദുരന്തത്തിൽ മരിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം. എല്ലാ മുറികളിലും എസി പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നുവെന്നാണ് വിവരം.