1,100 കോടിയുടെ തട്ടിപ്പ്; തമിഴ്നാട്ടില്‍ ഡിസ്‌ക് അസറ്റ് ഗ്രൂപ്പ് ഡയറക്ടര്‍മാരെ ഇ ഡി അറസ്റ്റ് ചെയ്തു

0
86

തമിഴ്‌നാട്ടില്‍ 1,100 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതിന് നാലുപേരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. തമിഴ്നാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡിസ്‌ക് അസറ്റ് ഗ്രൂപ്പിന്റെ ഡയറക്ടര്‍മാരെയാണ് കള്ളപ്പണം വെളുപ്പിക്കല്‍ വിരുദ്ധ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. എന്‍ ഉമാശങ്കര്‍, എന്‍ അരുണ്‍കുമാര്‍, വി ജനാർദനൻ, എ ശരവണകുമാര്‍ എന്നിവരാണ് പിടിയിലായത്.

ഡിസ്‌ക് അസറ്റ്‌സ് ലീഡ് ഇന്ത്യ ലിമിറ്റഡ് എന്ന പേരിലറിയപ്പെടുന്ന കമ്പനി ഉയര്‍ന്ന പലിശക്ക് ഭൂമിയും പണവും വാഗ്ദാനം ചെയ്ത് പൊതുജനങ്ങളില്‍ നിന്ന് 1,100 കോടിയിലധികം രൂപ പിരിച്ചെടുത്തുവെന്നാണ് ആരോപണം.

സമാഹരിച്ച പണം സബ്‌സിഡി നിക്ഷേപത്തിന്റെ മറവില്‍ കുടുംബാംഗങ്ങള്‍ക്കും, റോയല്‍റ്റി അടക്കാനും, മറ്റ് സ്ഥാപനങ്ങളിലേക്ക് ലാഭവിഹിതമായും വിനിയോഗിച്ചിട്ടുണ്ടെന്ന് ഇ ഡി അധികൃതർ അറിയിച്ചു. സ്ഥാപനത്തിന്‍റെ പേരില്‍ 207 കോടി രൂപ വിലമതിക്കുന്ന 1081 സ്വത്തുക്കളും ഏജന്‍സി കണ്ടുകെട്ടി. നാല് പേരെയും ചെന്നൈ കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.