കേന്ദ്രസർക്കാർ ഇടപെടൽ, ബ്ലഡ് മണി, പുനപരിശോധന; നിമിഷ പ്രിയക്ക് മുന്നിൽ ഇനി ബാക്കിയുള്ള പ്രതീക്ഷകൾ

0
23

യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ അപ്പീൽ കോടതി വധശിക്ഷ ശരിവെച്ച സാഹചര്യത്തിൽ മലയാളി നേഴ്‌സ് നിമിഷ പ്രിയക്ക് മുന്നിൽ ഇനി ബാക്കിയുള്ളത് ഏതാനും സാധ്യതകള്‍. യെമനിലെ സുപ്രീം ജുഡീഷ്യല്‍ കൗണ്‍സിലിനെ സമീപിക്കുക എന്നതാണ് അതിൽ ഏറെ പ്രാധാന്യം. സ്‌ത്രീയെന്ന പരിഗണന നല്‍കി വധശിക്ഷ ഒഴിവാക്കണമെന്ന് സുപ്രീം ജുഡീഷ്യല്‍ കൗണ്‍സിലിൽ അഭ്യർത്ഥിക്കാം.

യെമന്‍ പ്രസിഡന്റ് അധ്യക്ഷനായ സുപ്രീം ജുഡീഷ്യല്‍ കൗണ്‍സില്‍ വിധി പുനപരിശോധിക്കുമോ എന്നതാണ് മറ്റൊരു പ്രതീക്ഷ. അതേസമയം ജൂഡീഷ്യല്‍ കൗണ്‍സില്‍ അപ്പീലല്ല പരിഗണിക്കുക. യെമന്‍ നിയമപ്രകാരം കേസിലെ ജുഡീഷ്യല്‍ നടപടിക്രമങ്ങളില്‍ വീഴ്ചയുണ്ടായോ എന്നാണ് കൗണ്‍സില്‍ പരിശോധിക്കുക. വീഴ്ചയുണ്ടെന്ന് കണ്ടെത്തിയാല്‍ വധശിക്ഷയില്‍ ഇളവ് ലഭിക്കും.

കൊല്ലപ്പെട്ട ആളുടെ കുടുംബത്തിന് തുക (ബ്ലഡ് മണി) നല്‍കി മാപ്പ് ലഭ്യമാക്കുക എന്നതാണ് മറ്റൊരു പോംവഴി. കൊല്ലപ്പെട്ട ആളിന്റെ കുടുംബത്തിന് രണ്ട് ലക്ഷം ഡോളര്‍ വരെ ബ്ലഡ് മണി നല്‍കാമെന്ന ധാരണയിലെത്തിയിരുന്നു. എന്നാൽ, ബ്ലഡ് മണി സ്വീകരിക്കുന്നതില്‍ കൊല്ലപ്പെട്ട യെമന്‍ പൗരന്റെ കുടുംബം തീരുമാനമെടുത്തിട്ടില്ല. നിമിഷ പ്രിയയുടെ കുടുംബത്തിന് ഇത്രയും വലിയ തുക കണ്ടെത്താനും ശേഷിയില്ല. പണം കണ്ടെത്താനുള്ള ശ്രമങ്ങള്‍ വിവിധ സന്നദ്ധ സംഘടനകള്‍ തുടങ്ങിയിരുന്നു.

കേന്ദ്രസർക്കാരിന്റെ നേരിട്ടുള്ള ഇടപെടലാണ് മറ്റൊന്ന്. വിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടലും ശക്തമായ സമ്മർദ്ദവും നടത്തുക വഴി യെമൻ സുപ്രീം കൗൺസിൽ മുമ്പാകെ നിമിഷപ്രിയയുടെ സാഹചര്യം അറിയിക്കാൻ സാധിക്കും. ഇത്തരത്തിൽ ശക്തമായ സമ്മർദ്ദവും ഇടപെടലും ഇന്ത്യൻ സർക്കാരിന്റെ ഭാഗത്തുനിന്നുമുണ്ടായാൽ ശിക്ഷയിൽ ഇളവ് ലഭിച്ചേക്കാം.

യമന്‍ പൗരനെ കൊലപ്പെടുത്തി കേസില്‍ മലയാളി യുവതി നിമിഷ പ്രിയയുടെ വധശിക്ഷ ശരിവെച്ചു. സനായിലെ അപ്പീല്‍ കോടതിയാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശിനിയാണ് നിമിഷ പ്രിയ. 2017ല്‍ യമന്‍ പൗരനായ തലാല്‍ മഹ്‌ദിയെ കൊലപ്പെടുത്തി മൃതദേഹം വാട്ടര്‍ടാങ്കില്‍ ഒളിപ്പിച്ചെന്ന കേസിലാണ് വധശിക്ഷ വിധിച്ചത്.

വിചാരണക്കോടതി വിധിച്ച വധശിക്ഷയ്‌ക്കെതിരെ നിമിഷ പ്രിയ ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെ അപ്പീല്‍ കോടതിയെ സമീപിക്കുകയായിരുന്നു. സ്‌ത്രീയെന്ന പരിഗണന നല്‍കി കുറ്റവിമുക്തയാക്കുകയോ വധശിക്ഷയില്‍ നിന്ന് ഒഴിവാക്കുകയോ വേണമെന്നായിരുന്നു നിമിഷ പ്രിയയുടെ ആവശ്യം.