അഴീക്കല്‍-വലിയഴീക്കല്‍ പാലം 10ന് തുറക്കുന്നു; ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍

0
347

ആലപ്പുഴ ജില്ലയിലെ വലിയഴീക്കലിനെയും കൊല്ലം ജില്ലയിലെ അഴീക്കലിനെയും ബന്ധിപ്പിക്കുന്ന അഴീക്കല്‍-വലിയഴീക്കല്‍ പാലം മാര്‍ച്ച്‌ 10ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് അധ്യക്ഷനാകും. എംഎല്‍എമാരായ രമേശ് ചെന്നിത്തല, സി.ആര്‍. മഹേഷ് എന്നിവര്‍ പങ്കെടുക്കും. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ബോ സ്ട്രിംഗ് ആര്‍ച്ച്‌ പാലമാണിത്.

2016 ഫെബ്രുവരി 27നാണ് പാലത്തിന് തറക്കല്ലിട്ടത്. ഒമ്പത് സ്പാനുകളുള്ള പാലത്തിന്റെ നിര്‍മാണച്ചെലവ് 146 കോടിയാണ്. 976 മീറ്ററാണു നീളം. പ്രധാന ആകര്‍ഷണം, മധ്യഭാഗത്തെ മൂന്ന് ബോ സ്ട്രിങ് ആര്‍ച്ചുകളാണ്. അപ്രോച്ച്‌ റോഡ് ഉള്‍പ്പെടെ 1229 മീറ്ററാണ് നീളം. നടപ്പാത ഉള്‍പ്പടെ 13.2 മീറ്ററാണ് പാലത്തിന്റെ വീതി.

മധ്യഭാഗത്തുളള മൂന്ന് ബോ സ്ട്രിങ് ആര്‍ച്ചുകളാണ് പാലത്തിന്റെ പ്രധാന ആകര്‍ഷണം. 110 മീറ്ററാണ് ഒരു ആര്‍ച്ചിന്റെ നീളം. വലിയ മത്സ്യബന്ധന ബോട്ടുകള്‍ക്ക് പാലത്തിനടിയിലൂടെ ബുദ്ധിമുട്ടില്ലാതെ കടന്നുപോകാവുന്ന തരത്തിലാണു നിര്‍മാണം. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്‌ട് സൊസൈറ്റിയാണ് പാലം നിര്‍മിച്ചത്.

പ്രദേശത്തെ ടൂറിസം മേഖലയ്ക്ക് കൂടി മുതല്‍ക്കൂട്ടാകുന്ന പദ്ധതിയാണിത്. പാലത്തിന് മുകളില്‍ നിന്ന് ഉദയവും അസ്തമയവും വീക്ഷിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. പാലം വരുന്നതോടെ അഴീക്കല്‍ നിന്നും വലിയഴീക്കലേക്ക് സഞ്ചരിക്കുന്ന തീരദേശവാസികള്‍ക്ക് 28 കിലോമീറ്റര്‍ ദൂരം ലാഭിക്കാനാകും.

അറബിക്കടലില്‍ നിന്നും ദേശീയ ജലപാതയിലേക്കും അഴീക്കല്‍ ഹാര്‍ബറിലേക്കും ഭാവിയില്‍ ചെറിയ കപ്പലുകളും, ബാര്‍ജുകളും പാലത്തിന്റെ അടിയില്‍ കൂടി കടന്ന് പോകത്തക്ക വിധം പാലത്തിന് ജലോപരിതലത്തില്‍ നിന്ന് 12 മീറ്റര്‍ ഉയരത്തില്‍ വെര്‍ട്ടിക്കല്‍ ക്ലിയറന്‍സും 100 മീറ്റര്‍ ഹൊറിസോണ്ടല്‍ ക്ലിയറന്‍സുമുണ്ട്.

പാലം യാഥാര്‍ത്ഥ്യമാകുന്നതോടു കൂടി ടൂറിസം രംഗത്ത് വികസനത്തിന്റെ വന്‍ കുതിച്ചു ചാട്ടം അഴീക്കല്‍, വലിയഴീക്കല്‍ ഗ്രാമങ്ങളില്‍ ഉണ്ടാകും. ഇപ്പോള്‍ തന്നെ അവധി ദിവസങ്ങളില്‍ ഉള്‍ക്കൊള്ളാവുന്നതില്‍ അധികം ആളുകളാണ് അഴീക്കല്‍ ബീച്ച്‌ സന്ദര്‍ശിക്കുന്നത്. വലിയഴീക്കലില്‍ പുതുതായി നിര്‍മിച്ച രാജ്യത്തെ ആദ്യത്തെ പഞ്ചമുഖ ലൈറ്റ് ഹൗസ് നിരവധി വിനോദ സഞ്ചാരികളെയാണ് ആകര്‍ഷിക്കുന്നത്.