പാര്‍ട്ടി ഏല്‍പ്പിച്ച ചുമതലകള്‍ നാടിനും ജനങ്ങള്‍ക്കും വേണ്ടി ഭംഗിയായി നിര്‍വഹിക്കുമെന്നും അതിന് വിവാഹമൊരു പ്രശ്‌നമായി തോന്നുന്നില്ലെന്നും സച്ചിന്‍ദേവ് എംഎല്‍എയും മേയര്‍ ആര്യാ രാജേന്ദ്രനും. വിവാഹനിശ്ചയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇരുവരും. ”ഇപ്പോള്‍ വിവാഹസങ്കല്‍പങ്ങളില്‍ മാറ്റം വന്നിട്ടുണ്ട്. വിവാഹം പ്രത്യേകമായ പ്രശ്‌നമായി വരുമെന്ന് തോന്നുന്നില്ല. രണ്ടാളുകള്‍ വിവാഹം കഴിക്കുന്നു എന്നതിനര്‍ഥം ഏതെങ്കിലും പ്രത്യേക രീതിയില്‍ ജീവിക്കുക എന്നതല്ല.
ആര്യ ഏറ്റെടുത്ത ചുമതല അവരും എന്നെയേല്‍പിച്ച ചുമതല ഞാനും ഭംഗിയായി നിര്‍വഹിക്കും. ഞങ്ങള്‍ രണ്ടുപേരും സിപിഐ എമ്മിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നവരാണ്. വിവാഹ സങ്കല്‍പ്പങ്ങളിലൊക്കെ വളരെ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. ആവശ്യമായ ക്രമീകരണങ്ങളുണ്ടാക്കി ജീവിതം മുന്നോട്ട് കൊണ്ടുപോകും. സമൂഹം ഏല്‍പ്പിച്ച ഉത്തരവാദിത്വം ഭംഗിയായി നിര്‍വഹിക്കും.”- സച്ചിന്‍ദേവ് പറഞ്ഞു. വിവാഹത്തിന്റെ തീയതി നിശ്ചയിച്ചിട്ടില്ലെന്നും ഉചിതമായ സാഹചര്യം നോക്കി തീയതി നിശ്ചയിച്ച് കല്യാണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
‘ഉത്തരവാദിത്തങ്ങളില്‍ നില്‍ക്കാന്‍ സാധിക്കുന്നത് കൊണ്ടാണ് ഇത്തരമൊരു തീരുമാനത്തിലെത്തിയത്. ഞങ്ങളുടെ രാഷ്ട്രീയവും ഇങ്ങനെയൊരു തീരുമാനമെടുക്കാന്‍ കാരണമായി. പാര്‍ട്ടി ഏല്‍പ്പിച്ച, ജനങ്ങള്‍ നല്‍കിയ ഉത്തരവാദിത്തങ്ങല്‍ പൂര്‍ണമായും നിറവേറ്റാന്‍ സാധിക്കും.”-ആര്യാ രാജേന്ദ്രന്‍ പറഞ്ഞു. ഇന്നാണ് തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും ബാലശേരി എംഎല്‍എയുമായ സച്ചിന്‍ ദേവും തമ്മിലുള്ള വിവാഹനിശ്ചയം നടന്നത്.