പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ അനുശോചനപ്രവാഹം

0
62

ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തിൽ അനുശോചനപ്രവാഹം. ഇന്‍ഡ്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷനും കേരളത്തില്‍ ഏറ്റവുമധികം മഹലുകളുടെ ‍‘ഖാദി’ സ്ഥാനം അലങ്കരിച്ച മനുഷ്യസ്നേഹിയുമായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണം അത്യന്തം ദുഃഖകരമാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അനുശോചന സന്ദേശത്തിൽ പറഞ്ഞു. സൗമ്യമായ പെരുമാറ്റവും സാമുദായിക സൗഹാര്‍ദത്തോടുള്ള അളവറ്റ പ്രതിബദ്ധതയും കൊണ്ട് കേരളത്തിനകത്തും പുറത്തുമുള്ളവരുടെ ആദരത്തിന് പാത്രമായ വ്യക്തിയായിരുന്നു അദ്ദേഹം- ഗവര്‍ണര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

രാഷ്ട്രീയ – മത വേദികളിലെ സൗമ്യ മുഖമായിരുന്നു പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെന്ന് മന്ത്രി വി ശിവൻകുട്ടി അനുസ്മരിച്ചു. പക്വമായ നിലപാടുകളും മിതത്വം നിറഞ്ഞ ഭാഷയുമായി ഏവരുടെയും ബഹുമാനം പിടിച്ചുപറ്റുവാൻ തങ്ങൾക്ക് കഴിഞ്ഞുവെന്ന് മന്ത്രി സജി ചെറിയാൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

ആത്മീയ അടിത്തറയുള്ള പാണക്കാട് കുടുംബത്തിലെ മുൻഗാമികളെ പോലെ ജനങ്ങൾക്കിടയിൽ സജീവമായി നിലകൊണ്ടു . മുസ്‌ലീം ലീഗിന്റെ സംസ്ഥാന അദ്ധ്യക്ഷ പദവിലെത്തിയപ്പോൾ സ്വീകരിച്ച നിലപാടുകൾ അവധാനതയോടുള്ളതായിരുന്നുവെന്ന് മന്ത്രി വി എൻ വാസവൻ അനുസ്മരിച്ചു. ഒരു രാഷ്ട്രീയ പാർട്ടിയെ നയിക്കുമ്പോഴും മറ്റെല്ലാ രാഷ്ട്രീയ നേതാക്കളെയും സമഭാവനയോടെ ദർശിക്കുവാൻ ഹൈദരലി തങ്ങൾക്ക് കഴിഞ്ഞുവെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു.

കേരള രാഷ്ട്രീയത്തിലെ സൗമ്യ സാന്നിധ്യമായിരുന്ന അദ്ദേഹത്തിൻ്റെ വേർപാട് മതേതര സമൂഹത്തിന് നികത്താനാകാത്ത നഷ്ടമാണെന്ന് ജലവിഭവമന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.
സമുദായ നേതാവായും പാര്‍ട്ടി അധ്യക്ഷനായും പ്രവര്‍ത്തിക്കുമ്പോഴും പൊതുസമൂഹത്തിന്റെ താത്പര്യം ഉയര്‍ത്തിപ്പിടിക്കുന്നതില്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ കാട്ടിയ മാതൃക കേരളത്തിന് മാര്‍ഗദീപമാണെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പാണക്കാട് കുടുംബത്തില്‍ നിന്ന് പൈതൃകമായി ലഭിച്ച മഹത്തായ മൂല്യങ്ങള്‍ ഹൈദരലി ശിഹാബ് തങ്ങളും ഹൃദയത്തോടു ചേര്‍ത്തുപിടിച്ചാണ് പ്രവര്‍ത്തിച്ചത്- ഉമ്മൻ‌ചാണ്ടി അനുസ്മരിച്ചു.

സംസ്ഥാന രാഷ്ട്രീയത്തിലെ സൗമ്യമുഖമായിരുന്നു ഹൈദരലി തങ്ങളെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ പറഞ്ഞു. മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണം മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിന് കനത്ത നഷ്ടമാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി പറഞ്ഞു. രാഷ്ട്രീയ മണ്ഡലത്തിലെ ആത്മീയ ശോഭയാണ് അസ്തമിച്ചതെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി എംപി പറഞ്ഞു.

മത-സാമൂഹിക നേതൃരംഗത്ത് സഹിഷ്ണുതയും, സൗഹാർദവും, മനുഷ്യസ്നേഹവും ഉയർത്തിപ്പിടിച്ച മാതൃകാപരമായ നേതൃത്വമാണ് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തിലൂടെ നഷ്ടമായിരിക്കുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം പി പറഞ്ഞു. മുസ്ലിംലീഗിൻ്റെ അദ്ധ്യക്ഷനും മതപണ്ഡിതനുമായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗം ഏറെ വേദനാജനകമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു.