സൗദി അറേബ്യയിലേക്ക് വരാനിരിക്കുന്ന യാത്രക്കാരില്‍ നിന്ന് നേരത്തെ ക്വാറന്റീന്‍ പാക്കേജ് സഹിതമുള്ള ടിക്കറ്റ് നിരക്ക് ഈടാക്കിയ വിമാന കമ്പനികൾ ക്വാറന്റീന്‍ പണം തിരിച്ചു നല്‍കണമെന്ന് സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി നിർദ്ദേശിച്ചു. നിര്‍ദേശം എല്ലാ കമ്പനികളും പാലിക്കണമെന്നും വ്യവസ്ഥ ലംഘിച്ചാല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച പുതിയ കോവിഡ് നിയന്ത്രണ വ്യവസ്ഥകളിലെ ഇളവുകളില്‍ പ്രധാന പ്രഖ്യാപനമായിരുന്നു രാജ്യത്തേക്ക് പ്രവേശിക്കുന്ന യാത്രക്കാരുടെ ഹോട്ടല്‍, ഹോം ക്വാറന്റീന്‍ ഒഴിവാക്കി എന്നത്. ഇതനുസരിച്ചാണ് സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി വിമാന കമ്പനികൾക്ക് സര്‍ക്കുലര്‍ അയച്ചത്.
രാജ്യത്തേക്ക് പ്രവേശിക്കുന്നവര്‍ക്ക് നിര്‍ബന്ധമാക്കിയിരുന്ന ആര്‍ ടി പി സി ആര്‍, ആന്റിജന്‍ കോവിഡ് പരിശോധന ഫലം റിപ്പോര്‍ട്ടും ഇനി മുതല്‍ ആവശ്യമില്ല. നേരത്തെ സൗദിയിലേക്ക് പ്രവേശന വിലക്ക് നിലനില്‍ക്കുന്ന രാജ്യങ്ങളില്‍ നിന്നുള്ള വിലക്ക് എടുത്തുകളഞ്ഞു. രാജ്യത്തേക്ക് സന്ദര്‍ശക വിസയില്‍ വരുന്നവര്‍ കോവിഡ് ചികിത്സ കവര്‍ ചെയ്യുന്ന ഇന്‍ഷുറന്‍സ് പോളിസി എടുക്കല്‍ നിര്‍ബന്ധമാണെന്നും സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചിട്ടുണ്ട്.