Wednesday
17 December 2025
26.8 C
Kerala
HomeKeralaഅന്താരാഷ്ട്ര വനിത ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും

അന്താരാഷ്ട്ര വനിത ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും

അന്താരാഷ്ട്ര വനിത ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം മാര്‍ച്ച് 8ന് വൈകിട്ട് അഞ്ചിന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ചടങ്ങില്‍ അധ്യക്ഷയാകും. തദ്ദേശ മന്ത്രി എം വി ഗോവിന്ദന്‍, മാസ്റ്റര്‍ ‘വിവാഹ പൂര്‍വ കൗണ്‍സിലിംഗ്’ എന്ന പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കും. വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി ‘അങ്കണപ്പൂമഴ ജെന്‍ഡര്‍ ഓഡിറ്റഡ് അങ്കണവാടി പാഠപുസ്തകം’ പ്രകാശനം നടത്തും. ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദു അട്ടപ്പാടിയിലെ ‘പെന്‍ട്രിക കൂട്ട’ പദ്ധതിയുടെ പ്രഖ്യാപനം നടത്തും. മൃഗസംരക്ഷണ മന്ത്രി ചിഞ്ചുറാണി ‘ധീര’ പെണ്‍കുട്ടികള്‍ക്കുള്ള സ്വയം പ്രതിരോധ പരിശീലന പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കും.

അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികളാണ് വനിത ശിശുവികസന വകുപ്പിന്റെ നേതൃത്വത്തില്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി വരുന്നതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ‘നല്ലൊരു നാളേയ്ക്കായി സുസ്ഥിര ലിംഗസമത്വം ഇന്നേ’ എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം.

സംസ്ഥാനതല ഉദ്ഘാടനത്തോടനുബന്ധിച്ച് വിവിധ മേഖലകളിലുളള വ്യക്തിമുദ്ര പതിപ്പിച്ച വനിതകള്‍ക്കുളള സംസ്ഥാന സര്‍ക്കാരിന്റെ 2021ലെ വനിതരത്‌ന പുരസ്‌കാരം മുഖ്യമന്ത്രി വിതരണം ചെയ്യും. ശാന്താ ജോസ്, ഡോ. വൈക്കം വിജയലക്ഷമി, ഡോ. സുനിത കൃഷ്ണന്‍, ഡോ. യു പി വി സുധ എന്നിവരാണ് പുരസ്‌കാരം നേടിയത്.

അങ്കണവാടി മുഖേന നല്‍കുന്ന സേവനങ്ങള്‍ പൂര്‍ണമായി ജനങ്ങളില്‍ എത്തിക്കുന്നതിനായി സ്തുത്യര്‍ഹമായ സേവനം കാഴ്ചവെച്ച സംസ്ഥാനത്തെ അങ്കണവാടി വര്‍ക്കര്‍മാര്‍, ഹെല്‍പര്‍മാര്‍, സൂപ്പര്‍വൈസര്‍മാര്‍, ശിശുവികസന പദ്ധതി ഓഫീസര്‍, പ്രോഗ്രാം ഓഫീസര്‍, ജില്ലാ കളക്ടര്‍ എന്നിവര്‍ക്കുളള അവാര്‍ഡും വിതരണം ചെയ്യുന്നു. 14 ജില്ലകളിലെ മികച്ച ഓരോ അങ്കണവാടികള്‍ക്കുമുളള ഐസിഡിഎസ് അവാര്‍ഡുകളും വിതരണം ചെയ്യും. സ്ത്രീധനത്തിനെതിരായുള്ള പരാതികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള പോര്‍ട്ടല്‍ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിക്കും.

തുടര്‍ന്ന് സ്ത്രീ ശാക്തീകരണവുമായി ബന്ധപ്പെട്ട വീഡിയോ ലോഞ്ച്, സുപ്രസിദ്ധ ചലച്ചിത്ര പിന്നണി ഗായിക സയനോര നയിക്കുന്ന മ്യൂസിക് കണ്‍സര്‍ട്ട്, ജീവനക്കാര്‍ അവതരിപ്പിക്കുന്ന നാടകം, എന്നിവ ഉണ്ടാകും. രാത്രി 10 മണിയ്ക്ക് കനകക്കുന്നില്‍ നിന്നും ആരംഭിച്ച് ഗാന്ധിപാര്‍ക്ക് വരെ ‘രാത്രി നടത്തം. രാത്രി 11 മണിക്ക് ഗാന്ധിപാര്‍ക്ക് മൈതാനത്തില്‍ സമാപന സമ്മേളനം.

RELATED ARTICLES

Most Popular

Recent Comments