തളിര് സ്കോളർഷിപ്പ് 2021-22 – ആദിൽ ടി, സിദ്ധാർത്ഥ് കൃഷ്ണ കെ എന്നിവർക്ക് ഒന്നാം റാങ്ക്

0
46

കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ തളിര് സ്കോളർഷിപ്പ് 2021-22 സംസ്ഥാനതല വിജയികളെ പ്രഖ്യാപിച്ചു. ജൂനിയർ വിഭാഗത്തിൽ ആദിൽ ടി ഒന്നാംറാങ്ക് നേടി. കണ്ണൂർ മുഴുപ്പിലങ്ങാട് സൗത്ത് യു പി സ്കൂളിലെ ആറാംക്ലാസ് വിദ്യാർത്ഥിയാണ് ആദിൽ. സീനിയർ വിഭാഗത്തിൽ സിദ്ധാർത്ഥ് കൃഷ്ണ കെ ഒന്നാമതെത്തി. പാലക്കാട് ചാലിശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥിയാണ് സിദ്ധാർത്ഥ്.

ആലപ്പുഴ പുന്നപ്ര ഗവ. യു പി എസ്സിലെ ഏഴാംക്ലാസ് വിദ്യാർത്ഥി ഹൃദി പി നാരായണൻ, തിരുവനന്തപുരം തിരുവല്ലം ക്രൈസ്റ്റ് നഗർ സീനിയർ സെക്കൻഡറി സ്കൂളിലെ അഞ്ചാംക്ലാസ് വിദ്യാർത്ഥി മാർത്ത മേരി ചാക്കോ എന്നിവർ ജൂനിയർ വിഭാഗത്തിൽ യഥാക്രമം രണ്ടും മൂന്നും റാങ്ക് നേടി.

കണ്ണൂർ ജില്ലയിലെ പയ്യന്നൂർ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ഒൻപതാംക്ലാസ് വിദ്യാർത്ഥി അപർണ്ണ പി കെ, തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ ഗവ. മോഡൽ ബോയ്സ് ഹയർസെക്കൻഡറി സ്കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥി അമൽ എ എം എന്നിവർ സീനിയർ വിഭാഗത്തിൽ യഥാക്രമം രണ്ടും മൂന്നും റാങ്ക് കരസ്ഥമാക്കി.
10000, 5000, 3000രൂപ വീതമാണ് ഒന്ന്, രണ്ട്, മൂന്ന് റാങ്കുകാർക്കുള്ള സംസ്ഥാനതല സ്കോളർഷിപ്പ്. ജില്ലാതല വിജയികൾക്കുള്ള ആയിരം രൂപയുടെ സ്കോളർഷിപ്പ് തുകയും ഇവർക്കു ലഭിക്കും.

ഫെബ്രുവരി 26 ശനിയാഴ്ച കൊല്ലം, എറണാകുളം, കണ്ണൂർ എന്നിങ്ങനെ മൂന്നു കേന്ദ്രങ്ങളിലായിട്ടായിരുന്നു സംസ്ഥാനതല പരീക്ഷ നടന്നത്. 36 കുട്ടികളാണ് പരീക്ഷയിൽ പങ്കെടുത്തത്. ഓരോ ജില്ലയിലും ഏറ്റവും കൂടുതൽ മാർക്കു വാങ്ങിയവർക്കായിരുന്നു സംസ്ഥാനതല പരീക്ഷ എഴുതാനുള്ള അവസരം. സംസ്ഥാനതല വിജയികൾക്കുള്ള സ്കോളർഷിപ്പ് തുകയുടെയും സർട്ടിഫിക്കറ്റുകളുടെയും വിതരണവും തിരുവനന്തപുരത്തു നടക്കും. തീയതി പിന്നീട് അറിയിക്കും.

സംസ്ഥാനത്ത് പതിനേഴായിരം കുട്ടികളാണ് തളിര് സ്കോളർഷിപ്പ് പരീക്ഷയ്ക്കായി രജിസ്റ്റർ ചെയ്തത്. രജിസ്റ്റർ ചെയ്ത എല്ലാ കുട്ടികൾക്കും ഒരു വർഷത്തെ തളിര് മാസികയും ലഭിക്കും. സംസ്ഥാനത്തൊട്ടാകെ 2500ഓളം പേർക്ക് ജില്ലാതല സ്കോളർഷിപ്പുകളും ലഭിച്ചിട്ടുണ്ട്. 17ലക്ഷം രൂപയാണ് സ്കോളർഷിപ്പ് തുകയായി സംസ്ഥാനത്തൊട്ടാകെ വിതരണം ചെയ്യുന്നത്.