തെരഞ്ഞെടുപ്പ് കഴിഞ്ഞു, ഇന്ധനവില കുത്തനെ കൂട്ടുന്നു, പെട്രോളിനും ഡീസലിനും ലിറ്ററിന് 12 രൂപ വരെ കൂടും

0
38

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിനെത്തുടർന്ന് മരവിപ്പിച്ച ഇന്ധനവില കൂട്ടാൻ കേന്ദ്രം. നാലു മാസമായി മരവിപ്പിച്ചു നിര്‍ത്തിയിരിക്കുന്ന ഇന്ധന വില പുനര്‍നിര്‍ണയം അടുത്തയാഴ്ച പുനരാരംഭിക്കും. റിപ്പോർട്ടുകളനുസരിച്ച് പെട്രോളിനും ഡീസലിനും ലിറ്ററിന് പന്ത്രണ്ടു രൂപയെങ്കിലും കൂടും.

എണ്ണ കമ്പനികൾക്ക് നഷ്ടം ഒഴിവാക്കാന്‍ ചുരുങ്ങിയത് ഈ നിരക്കിൽ വില വേണ്ടിവരുമെന്നാണ് കേന്ദ്രം പറയുന്നത്. ഉക്രൈൻ-റഷ്യ യുദ്ധത്തെ തുടര്‍ന്ന് രാജ്യാന്തര വിപണിയിലെ അസംസ്‌കൃത എണ്ണ വിലയില്‍ വലിയ കുതിപ്പാണ് ഉണ്ടായത്. ഇന്നലെ ബാരലിന് 120 ഡോളര്‍ കടന്ന വില ഇന്നു 111ലേക്കു താഴ്ന്നു. ഇന്ത്യ ഇറക്കുമതിക്ക് ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന് ഇന്നലെ 117 ഡോളര്‍ വരെ വിലയെത്തി. 2012 ശേഷമുള്ള ഉയര്‍ന്ന വിലയാണിത്. പെട്രോള്‍, ഡീസല്‍ വില നിര്‍ണയം മരവിപ്പിച്ച നവംബറില്‍ ശരാശരി 81.50 രൂപയായിരുന്നു അസംസ്‌കൃത എണ്ണയുടെ വില.

അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് രാജ്യത്ത് ഇന്ധന വില പുനര്‍ നിര്‍ണയം മരവിപ്പിച്ചത്. കേന്ദ്ര സര്‍ക്കാരില്‍നിന്നുള്ള അനൗദ്യോഗിക നിര്‍ദേശത്തെതുടര്‍ന്നാണ് എണ്ണ കമ്പനികളുടെ നടപടി. നിയമസഭാ തെരഞ്ഞെടുപ്പിലെ അവസാന ഘട്ട വോട്ടെടുപ്പ് തിങ്കളാഴ്ചയാണ്. ഇതിനു പിന്നാലെ സാധാരണക്കാരുടെ നട്ടെല്ലൊടിച്ച് എണ്ണവില കുത്തനെ കൂട്ടും.