യൂറോപ്പിലെ ഏറ്റവും വലിയ ആണവനിലയമായ ഉക്രൈനിലെ സപ്പോര്‍ഷ്യ ആണവനിലയം റഷ്യന്‍ സേന പിടിച്ചെടുത്തു. വെള്ളിയാഴ്ചത്തെ ആക്രമണശേഷം ആണവനിലയം റഷ്യന്‍ സൈന്യം പിടിച്ചെടുക്കുകയായിരുന്നു. ഉദ്യോഗസ്ഥര്‍ പവര്‍ യൂണിറ്റുകളുടെ അവസ്ഥ നിരീക്ഷിച്ചുവരികയാണെന്ന് ഉക്രൈൻ അധികൃതര്‍ അറിയിച്ചു.
വെള്ളിയാഴ്ച പുലര്‍ച്ചെ ഇരുട്ടിലാണ് ആണവനിലയത്തിനു നേര്‍ക്ക് റഷ്യന്‍ ആക്രമണം ഉണ്ടായത്. പ്ലാന്റിലെ അഞ്ച് നിലകളുള്ള പരിശീലനകേന്ദ്രത്തിനു നേര്‍ക്കായിരുന്നു ആക്രമണം. ഷെല്ലാക്രമണത്തില്‍ കെട്ടിടം തീപിടിച്ച് കത്തി. പരിശീലന കേന്ദ്രത്തിലും ലാബോര്‍ട്ടറിയിലുമാണ് തീപിടിത്തമുണ്ടായത്. സംഭവത്തെ തുടര്‍ന്ന് അണുവികിരണത്തോത് ഉയര്‍ന്നിരുന്നു. റഷ്യ ആക്രമണം തുടര്‍ന്നത് സ്ഥലത്തേക്ക് രക്ഷാപ്രവര്‍ത്തകര്‍ എത്തുന്നതിന് തടസമായി.
ഒരു മണിക്കൂറോളം അഗ്നിശമന സേനയെ റഷ്യന്‍ സൈന്യം പ്രദേശത്ത് എത്തുന്നതില്‍നിന്നും തടഞ്ഞതായും പറയുന്നു. ഇതോടെ സമീപ കെട്ടിടത്തിലേക്കും തീ പടരുമെന്ന് ആശങ്കയുണ്ടായിരുന്നു. എന്നാല്‍ പ്രാദേശിക സമയം പുലര്‍ച്ചെ 05:20 ന് തീ പൂര്‍ണമായും നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞതായി അഗ്നിശമനസേന പറഞ്ഞു.
ചെര്‍ണോബ് ആണവദുരന്തം “ആവര്‍ത്തിക്കാന്‍’ മോസ്കോ ശ്രമിക്കുന്നുവെന്ന് ഉക്രൈൻ പ്രസിഡന്റ് വോളോദിമിര്‍ സെലന്‍സ്കി ആരോപിച്ചു. റഷ്യയല്ലാതെ ഒരു രാജ്യവും ആണവനിലയങ്ങള്‍ക്കു നേരെ ആക്രമണം നടത്തില്ല. മനുഷ്യരാശിയുടെ ചരിത്രത്തിലെ ആദ്യത്തെ സംഭവമാണ്. ഭീകര രാഷ്ട്രം ഇപ്പോള്‍ ആണവ ഭീകരതയിലേക്ക് തിരിഞ്ഞിരിക്കുകയാണെന്നും സെലന്‍സ്കി പറഞ്ഞു.