ബീക്കണ്‍ പഞ്ചായത്ത് നേതാക്കള്‍ക്കുള്ള ശില്‍പശാല ഹൈദരാബാദില്‍ തുടങ്ങി. എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് അടക്കം കേരളത്തില്‍ നിന്നുമുള്ള അഞ്ചു ത്രിതല പഞ്ചായത്ത് പ്രസിഡന്റുമാരാണ് ശില്‍പശാലയില്‍ പങ്കെടുക്കുന്നത്. ഇന്ത്യാ ഗവണ്‍മെന്റിന്റെ ഗ്രാമവികസന മന്ത്രാലയത്തിന് കീഴിലുള്ള ഹൈദരാബാദിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല്‍ ഡെവലപ്മെന്റ് ആന്‍ഡ് പഞ്ചായത്തി രാജില്‍ മൂന്ന് ദിവസത്തെ ഓറിയന്റേഷന്‍ പ്രോഗ്രാമില്‍ പങ്കെടുക്കുന്നത്.
ഉല്ലാസ് തോമസിന് പുറമേ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരായ സാം കെ ദാനിയല്‍ (കൊല്ലം), ഡി സുരേഷ്‌കുമാര്‍, (തിരുവനന്തപുരം) മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി യശോദ , കോട്ടുകാല്‍ പഞ്ചായത്ത് പ്രസിഡന്റ് ജെറോം ദാസ് തുടങ്ങിയവരാണ് കേരളത്തില്‍ നിന്നും ശില്‍പ്പശാലയില്‍ പങ്കെടുക്കുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 45 ജനപ്രതിനിധികളാണ് പ്രോഗ്രാമില്‍ പങ്കെടുക്കുന്നത്.
പഞ്ചായത്ത് ഭരണസംവിധാനം മനസ്സിലാക്കല്‍, പങ്കാളിത്ത ആസൂത്രണം, മികച്ച പ്രകടനം, നൂതന പദ്ധതികള്‍ സൃഷ്ടിക്കല്‍, മികച്ച നേതൃത്വം, ഗ്രാമപഞ്ചായത്തുകളിലെ പ്രോജക്ടുകളെ പ്രചോദിപ്പിക്കാനുള്ള കഴിവ് എന്നിവ പരിഗണിച്ചാണ് ബീക്കണ്‍ ലീഡര്‍മാരെ തെരഞ്ഞെടുത്തത്. ക്യാമ്പ് 3ന് സമാപിക്കും
കഴിഞ്ഞ 14 മാസമായി എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റെന്ന നിലയില്‍ പൊതുജനങ്ങള്‍ക്കായി സേവനമനുഷ്ഠിച്ചതിനുള്ള അംഗീകാരമാണ് ബീക്കണ്‍ ലീഡര്‍ പദവിയെന്ന് ഉല്ലാസ് പറഞ്ഞു. ജില്ലാ പഞ്ചായത്ത് അംഗങ്ങളും ജീവനക്കാരും മറ്റ് ത്രിതല പഞ്ചായത്ത് അംഗങ്ങളും ജീവനക്കാരും ഒത്തൊരുമയോടെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ച അംഗീകാരമാണിതെന്നും ഉല്ലാസ് പറഞ്ഞു.