വിദ്യാർത്ഥികളെ റഷ്യ വഴി പുറത്തെത്തിക്കാൻ അടിയന്തര ഇടപെടൽ നടത്തണം: പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

0
61

യുക്രൈനിലെ യുദ്ധമേഖലയിൽ കുടുങ്ങിയ വിദ്യാർത്ഥികളെ റഷ്യ വഴി സുരക്ഷിതമായി പുറത്തെത്തിക്കാൻ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു.

വിദ്യാർത്ഥികൾക്ക് പുറത്തു കടക്കാൻ മാനുഷിക പരി​ഗണന മുൻനിർത്തി സുരക്ഷിത പാത (Humanitarian Corridor) ഒരുക്കുന്നതിന് പ്രധാനമന്ത്രി റഷ്യൻ നേതൃത്വവുമായി അടിയന്തരമായി ഇടപെടണം. കുടുങ്ങി കിടക്കുന്നവർക്ക് വെള്ളവും ഭക്ഷണവും എത്തിക്കാൻ ബന്ധപ്പെട്ട സർക്കാരുകളുടെയും റെഡ്ക്രോസ് ഉൾപ്പെടെയുള്ള സന്നദ്ധ സംഘടനകളുടെയും സഹകരണം ഉറപ്പു വരുത്തണമെന്ന് മുഖ്യമന്ത്രി കത്തിലൂടെ അഭ്യർത്ഥിച്ചു.

ഒഴിപ്പിക്കൽ നടപടികൾ പ്രധാനമായും കീവ് ഉൾപ്പെടെയുള്ള യുക്രൈനിലെ പടിഞ്ഞാറൻ മേഖലകളിലാണ് ഇതുവരെ ശ്രദ്ധ കേന്ദ്രീകരിച്ചത്. എന്നാൽ കാർക്കീവ്, സുമി തുടങ്ങിയ യുക്രൈനിലെ കിഴക്കൻ മേഖലകളിൽ ആയിരക്കണക്കിന് വി​ദ്യാർത്ഥികളാണ് കുടുങ്ങിക്കിടക്കുന്നത്. അവിടങ്ങളിൽ യുദ്ധം തീവ്രമായിട്ടുണ്ട്. ഇരു ന​ഗരങ്ങളിലും ബോംബിങ്ങും ഷെല്ലിങ്ങും രൂക്ഷമായിട്ടുണ്ട്. ഈ സാഹചര്യത്തിൽ എന്തു ചെയ്യണമെന്നതിനെക്കുറിച്ച് വിദ്യാർത്ഥികൾക്ക് കൃത്യമായ മാർ​ഗനിർദ്ദേശങ്ങൾ ലഭ്യമാക്കുന്നില്ല. അതിന്റെ അഭാവത്തിൽ പല വി​ദ്യാർത്ഥികളും സ്വന്തം നിലയ്ക്ക് പടിഞ്ഞാറൻ മേഖലയിലേക്ക് നീങ്ങാൻ ശ്രമിക്കുന്നുണ്ട്. ഇതവരുടെ ജീവനു വലിയ വെല്ലുവിളിയാണ് ഉയരുന്നതെന്ന് മുഖ്യമന്ത്രി കത്തിലൂടെ ചൂണ്ടിക്കാട്ടി.

ബങ്കറുകളിലെ വി​ദ്യാർത്ഥികൾക്ക് ആവശ്യമായ ഭക്ഷണവും വെള്ളവും ലഭ്യമാക്കണമെന്നും കിഴക്കൻ മേഖലകളിലുള്ളവരെ റഷ്യയിലൂടെ ഒഴിപ്പിക്കുന്നതിന് അടിയന്തര ഇടപെടൽ നടത്തണമെന്നും ഫെബ്രുവരി 27ന് അയച്ച കത്തിൽ അഭ്യർത്ഥിച്ചിരുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

ഓപ്പറേഷൻ ​ഗം​ഗയുടെ ഭാ​ഗമായ കേന്ദ്രസർക്കാർ ഇടപെടലുകൾക്ക് മുഖ്യമന്ത്രി നന്ദി അറിയിച്ചു. അതിലൂടെ 244 വിദ്യാർത്ഥികളാണ് ഇതുവരെ കേരളത്തിലേക്ക് മടങ്ങിയെത്തിയത്. യുക്രൈനിൽ ഇപ്പോഴും അകപ്പെട്ടിരിക്കുന്ന വിദ്യാർത്ഥികളുടെ മാതാപിതാക്കളുമായി ബന്ധപ്പെടുന്നുണ്ട്. എത്രയും പെട്ടെന്ന് അവരെ തിരികെ എത്തിക്കാനുള്ള ശ്രമങ്ങൾ സർക്കാർ നടത്തുന്നതായി അവർക്ക് ഉറപ്പു നൽകുന്നുണ്ടെന്നും മുഖ്യമന്ത്രി കത്തിലൂടെ അറിയിച്ചു.