ദീര്‍ഘദൂര ട്രെയിനുകളിലടക്കം എല്ലാ ട്രെയിനിലും ജനറല്‍ കോച്ചുകള്‍ അനുവദിക്കാന്‍ റെയില്‍വേ ബോര്‍ഡിന്റെ ഉത്തരവ്. ഇളവുകളെ തുടര്‍ന്ന് ഏതാനും ട്രെയിനുകളില്‍ ജനറല്‍ കോച്ചുകള്‍ ഏര്‍പ്പെടുത്തിയെങ്കിലും നിലവില്‍ അധികവും പൂര്‍ണമായും റിസര്‍വ് കോച്ചുകളുമായാണ് ഓടുന്നത്. സ്ഥിരയാത്രക്കാര്ക്കടക്കം ഇത് കനത്ത പ്രതിസന്ധി സൃഷ്ടിക്കുന്നതിനിടെയാണ് റെയില്‍വേ തീരുമാനം.
നേരത്തേയുണ്ടായിരുന്ന ജനറല്‍ കോച്ചുകളെല്ലാം റിസര്‍വേഷന്‍ കമ്പാർട്ടുമെന്റുകളായാണ് ഇപ്പോള്‍ ഓടുന്നത്. ഈ കോച്ചുകളിലെ റിസര്‍വേഷന്‍ വിലയിരുത്തിയശേഷമാകും അവ വീണ്ടും ജനറലുകളാക്കുക. നിലവിലെ വ്യവസ്ഥപ്രകാരം നാല് മാസം വരെ മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യാം. റിസര്‍വ് ചെയ്യുന്ന യാത്രക്കാര്‍ക്കാണ് റെയില്‍വേയില്‍ മുന്‍ഗണന. ഒരാളെങ്കിലും ട്രെയിന്‍ ബുക്ക് ചെയ്തെങ്കില്‍ ആ കോച്ച് ജനറലാക്കി മാറ്റാനാകില്ല. റെയില്‍വേ ബോര്‍ഡിന്റെ ഉത്തരവിറങ്ങിയ ജനുവരി 28 മുതല്‍ നാല് മാസം വരെയുള്ള കാലയളവിലെ ഓരോ ട്രെയിനിലെ ബുക്കിങ് നിരീക്ഷിക്കുകയും, റിസര്‍വേഷന്‍ ഇല്ലാത്ത തീയതി മുതല്‍ കോച്ചുകള്‍ ജനറലായി വിജ്ഞാപനം പുറപ്പെടുവിക്കുകയുമാണ് ചെയ്യുക.