റഷ്യൻ അത്‌ലീറ്റുകൾക്കും ഒഫീഷ്യൽസിനും സമ്പൂർണ വിലക്ക്, ഖത്തർ ലോകകപ്പിലും ഉണ്ടാകില്ല

0
44

റഷ്യയെ വിലക്കി കായികലോകം. ലോകകപ്പ്‌ പ്ലേ ഓഫ്‌ ഉൾപ്പെടെ റഷ്യയുടെ എല്ലാ മത്സരങ്ങളും രാജ്യാന്തര ഫുട്‌ബോൾ ഫെഡറേഷനായ ‘ഫിഫ’ വിലക്കി. യൂറോപ്യൻ ഫുട്‌ബോൾ അസോസിയേഷനും (യുവേഫ) റഷ്യൻ ദേശീയ ടീമിനും ക്ലബ്ബുകൾക്കും ഉപരോധം ഏർപ്പെടുത്തി. ഇതോടെ റഷ്യ ഖത്തർ ലോകകപ്പിനില്ലെന്ന്‌ ഉറപ്പായി. മാർച്ച്‌ 24ന്‌ പോളണ്ടുമായി പ്ലേ ഓഫ്‌ കളിക്കാനിരിക്കേയാണ്‌ ഫിഫയുടെ കടുത്ത നടപടി.

വോളിബോൾ, ബാസ്‌കറ്റ്‌ബോൾ, ബാഡ്‌മിന്റൺ, അത്‌ലറ്റിക്‌സ്‌, റഗ്‌ബി തുടങ്ങിയ ഇനങ്ങളിലെല്ലാം റഷ്യക്ക്‌ വിലക്കുണ്ട്‌. ഉക്രയ്‌നെതിരായ സൈനികനീക്കത്തിൽ പ്രതിഷേധിച്ചാണ്‌ നടപടി. റഷ്യയുടെ സഖ്യരാജ്യമായ ബെലാറസിനും ചില ഇനങ്ങളിൽ വിലക്കുണ്ട്‌. ‘ഫുട്‌ബോൾ ലോകം ഒറ്റക്കെട്ടായി ഉക്രയ്‌ൻ ജനതയ്‌ക്ക്‌ ഒപ്പം’ വിലക്കേർപ്പെടുത്തിയത്‌ അറിയിച്ചുകൊണ്ടുള്ള പ്രസ്‌താവനയിൽ ഫിഫ വ്യക്തമാക്കി. ലോകകപ്പ്‌ പ്ലേ ഓഫിനുപുറമെ ജൂലൈയിൽ നടക്കേണ്ട വനിതാ യൂറോ കപ്പും റഷ്യക്ക്‌ നഷ്ടമാകും.

ഇനിയൊരു അറിയിപ്പ്‌ ഉണ്ടാകുംവരെയാണ്‌ വിലക്കെന്ന്‌ ഫിഫയും യുവേഫയും അറിയിച്ചിട്ടുണ്ട്‌. നേരത്തേ ചാമ്പ്യൻസ്‌ ലീഗ്‌ ഫൈനൽ യുവേഫ പാരിസിലേക്ക്‌ മാറ്റിയിരുന്നു. കായിക നിയമങ്ങൾക്കെതിരാണ്‌ വിലക്കെന്ന്‌ റഷ്യൻ ഫുട്‌ബോൾ യൂണിയൻ പ്രതികരിച്ചു.
രാജ്യാന്തര ഒളിമ്പിക്‌ കമ്മിറ്റി റഷ്യൻ അത്‌ലീറ്റുകൾക്കും ഒഫീഷ്യൽസിനും സമ്പൂർണ വിലക്കേർപ്പെടുത്തി. റഷ്യ വേദിയാകേണ്ട ലോക വോളിബോള്‍ ചാമ്പ്യന്‍ഷിപ്പും മാറ്റി. ഐസ്‌ ഹോക്കി, ഫെൻസിങ്‌ എന്നിവയിലെല്ലാം റഷ്യ ഒറ്റപ്പെട്ടു.