തെന്നി നീങ്ങിയ സ്‌കൂൾ ബസ് ബ്രേക്ക് ചവിട്ടി നിർത്തി അഞ്ചാം ക്ലാസുകാരൻ, രക്ഷപ്പെട്ടത് ഇരുപതിലേറെ വിദ്യാർത്ഥികൾ

0
34

ഇറക്കത്തിൽ തെന്നി നീങ്ങിയ സ്‌കൂൾ ബസ് ബ്രേക്ക് ചവിട്ടി നിർത്തി അഞ്ചാം ക്ലാസുകാരന്റെ സമയോചിത ഇടപെടൽ രക്ഷിച്ചത് ഇരുപതിലേറെ വിദ്യാർത്ഥികളുടെ ജീവൻ. കാലടി ശ്രൂമൂലനഗരം അകവൂർ ഹൈസ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥി ആദിത്യനാണ് വലിയൊരു ദുരന്തത്തിൽ നിന്നും തന്റെ സഹപാഠികളെ രക്ഷിച്ചത്.

കഴിഞ്ഞദിവസം ഡ്രൈവർ ഇല്ലാതെ ബസ് തനിയെ മുന്നോട്ട് നീങ്ങിയപ്പോൾ ഡ്രൈവറുടെ സീറ്റിലേക്ക് ചാടിയിരുന്ന് ബ്രേക്ക് ചവിട്ടി ബസ് നിർത്തുകയായിരുന്നു. ഈ സമയം ബസിൽ നിറയെ വിദ്യാർത്ഥികളുണ്ടായിരുന്നു. സ്‌കൂളിന്റെ മുൻപിലുള്ള റോഡിലായിരുന്നു സംഭവം. റോഡിന് നേരെ മുൻപിൽ ഇറക്കമാണ്. സ്‌കൂൾ വിട്ട് വിദ്യാർത്ഥികൾ ബസിൽ കയറി ഇരിക്കുകയായിരുന്നു. ഈ സമയം ഡ്രൈവർ ബസിൽ ഉണ്ടായിരുന്നില്ല. പെട്ടെന്ന് ഗിയർ തനിയെ തെന്നിമാറി ബസ് മുന്നോട്ട് നീങ്ങുകയായിരുന്നു. കുട്ടികൾ പരിഭ്രാന്തരായി കരയുന്നതിനിടെ ആദിത്യൻ ബ്രേക്ക് ചവിട്ടി ബസ് നിർത്തുകയായിരുന്നു.

ഡ്രൈവറായ അമ്മാവന്റെ കൂടെ പോകാറുള്ളതിനാൽ ആദിത്യൻ ഡ്രൈവിങ്ങിലെ ബാലപാഠങ്ങൾ കണ്ട് മനസിലാക്കിയിരുന്നു. ഇതാണ് അപകടത്തിൽ തുണച്ചത്.. ശ്രൂഭൂതപുരം വാരിശേരി രാജേഷിന്റേയും മീരയുടേയും മകനാണ് ആദിത്യൻ.