അടി മൂത്തു, കോണ്‍ഗ്രസ് പുനഃസംഘടന നിർത്തിവെക്കാൻ എഐസിസി

0
45

അടി മൂത്തതോടെ പുനഃസംഘടന നടപടി നിർത്തിവെക്കാൻ കോൺഗ്രസ് ഹൈക്കമാന്‍ഡ് നിർദ്ദേശം. പുനഃസംഘടന സംബന്ധിച്ച് തങ്ങൾ ഒന്നും അറിഞ്ഞില്ലെന്ന എംപിമാരുടെ പരാതി കൂടി ഉയർന്നതോടെയാണ് എഐസിസി ഇടപെടൽ. കോണ്‍ഗ്രസ് പുനഃസംഘടന പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ കേരളത്തിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് നേതാവ് താരിഖ് അന്‍വര്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനോട് നിർദ്ദേശിച്ചു.

എം കെ രാഘവന്‍, ടി എന്‍ പ്രതാപന്‍, ബെന്നി ബെഹന്നാല്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ തുടങ്ങിയവരാണ് കെ സുധാകരന്റെ ഏകാധിപത്യ നീക്കത്തിനെതിരെ പരാതി നൽകിയത്. കെ സുധാകരൻ കെപിസിസി പ്രസിഡന്റായി ചുമതലയേറ്റശേഷം പുനഃസംഘടന പ്രവർത്തനം ആരംഭിച്ചുവെങ്കിലും തുടക്കം മുതൽതന്നെ കല്ലുകടിയായിരുന്നു. മുതിർന്ന നേതാവ് ഉമ്മൻചാണ്ടി, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരെ ഒഴിവാക്കിയാണ് പുനഃസംഘടന നടപടി തുടങ്ങിയത്. കെ സുധാകരനും വി ഡി സതീശനും ചേർന്നുള്ള അച്ചുതണ്ടാണ് ഉമ്മൻചാണ്ടിയെയും ചെന്നിത്തലയേയും ചർച്ചകളിൽ നിന്നുപോലും ചവിട്ടിപുറത്താക്കിയത്.

വിഷയത്തിൽ എ- ഐ ഗ്രൂപ്പുകളില്‍ കടുത്ത അതൃപ്തിയുമുണ്ട്. എന്നാല്‍, ഹൈക്കമാന്‍ഡ് സുധാകരനൊപ്പം നിന്നതോടെ പുനഃസംഘടനാ പ്രവര്‍ത്തനങ്ങള്‍ പതിയെ മുന്നോട്ട് പോവുകയായിരുന്നു. ഇതോടെ ഡിസിസി ബ്ലോക്ക് തലത്തിലുള്ള പട്ടിക പ്രസിദ്ധീകരിക്കാനുള്ള നീക്കങ്ങളും തുടങ്ങി. ഇതിനിടയിലാണ് റെയ്‌ഡും ചെന്നിത്തല സൂപ്പർ പ്രതിപക്ഷ നേതാവ് കളിക്കുന്നു എന്ന ആരോപണവും ഉയർന്നത്. ഇന്ന് പട്ടിക പ്രഖ്യാപിക്കാനിരിക്കെയാണ് ഒരു വിഭാഗം എംപിമാർ പരാതി നൽകിയത്.തിങ്കളാഴ്ച രാത്രിയാണ് ഇത് സംബന്ധിച്ച താരിഖ് അന്‍വറിന്റെ അറിയിപ്പ് കെപിസിസി അധ്യക്ഷന് ലഭിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

പുനഃസംഘടനാ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് തങ്ങളുടെ അഭിപ്രായം മാനിക്കാതെയാണെന്നാണ് എംപിമാരുടെ പരാതി. ചര്‍ച്ചയില്‍ തങ്ങളെ ഉള്‍പ്പെടുത്തിയില്ലെന്നും എംപിമാര്‍ ചൂണ്ടിക്കാട്ടി. പരാതിയുമായി എംപിമാര്‍ കെ സി വേണുഗോപാലിനെയും സമീപിച്ചിരുന്നു. ഈ സാഹചര്യം ഉള്‍പ്പെടെ നിലനില്‍ക്കെയാണ് ദേശീയ നേതൃത്വം ഇത്തരം ഒരു നിര്‍ദേശം നല്‍കിയത്. ഡിസിസി ഭാരവാഹികളുടെയും ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റുമാരുടെയും പട്ടികക്ക് അന്തിമരൂപം നല്‍കാന്‍ രഹസ്യ ചർച്ച നടത്തിയിരുന്നു. രാത്രി ചില നേതാക്കൾ ചേർന്ന് കൂടിയാലോചന തുടരുന്നതിനിടെയാണ് പുനഃസംഘടന നിർത്തിവെക്കാൻ ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശം എത്തുന്നത്.