കനത്ത ആള്‍നാശം ; ഉക്രയ്നിലേക്ക് ആയുധപ്രവാഹം

0
25

യുദ്ധം അഞ്ച്‌ ദിവസം പിന്നിടുമ്പോൾ റഷ്യൻ സൈന്യത്തിന്റെ മുന്നേറ്റത്തിന്‌ ഗതിവേഗം കുറച്ച്‌ ശക്തമായ പ്രതിരോധം തീർത്ത്‌ ഉക്രയ്‌ൻ. തലസ്ഥാനമായ കീവ്‌ ഉൾപ്പെടെയുള്ള നഗരങ്ങളിൽ പോരാട്ടം അയഞ്ഞു. ജനങ്ങൾക്ക്‌ നഗരം വിടണമെങ്കിൽ സുരക്ഷിത പാതയൊരുക്കുമെന്ന്‌ റഷ്യൻ സൈന്യം വ്യക്തമാക്കി. അതിനിടെ, കീവിലെ റേഡിയോ ആക്ടീവ്‌ മാലിന്യങ്ങൾ സംസ്കരിക്കുന്ന ഇടത്തും റോക്കറ്റ്‌ ആക്രമണം ഉണ്ടായി.
റഷ്യ ഉടൻ ആക്രമണം നിർത്തി പിന്മാറണമെന്ന്‌ ഉക്രയ്‌ൻ പ്രസിഡന്റ്‌ വ്‌ലോദിമിർ സെലൻസ്കി വീഡിയോ സന്ദേശത്തിൽ ആവശ്യപ്പെട്ടു. പോരാട്ട പരിചയമുള്ള കുറ്റവാളികളെ മോചിപ്പിക്കുമെന്നും പ്രഖ്യാപിച്ചു.

റഷ്യയുടെ 5300 സൈനികരെ വധിച്ചതായും 191 ടാങ്കും 29 ഫെറ്റർ ജെറ്റും 29 ഹെലികോപ്ടറും 816 സായുധ വാഹനവും തകർത്തതായും ഉക്രയ്‌ൻ സൈന്യം ഫെയ്‌സ്‌ബുക്കിൽ അവകാശപ്പെട്ടു. കുറച്ച്‌ നാശനഷ്ടം ഉണ്ടായതായി റഷ്യ സമ്മതിച്ചിട്ടുണ്ട്‌. ഏഴു കുട്ടികളടക്കം 102 സാധാരണക്കാർ മരിച്ചതായി യുഎൻ റിപ്പോർട്ട്‌ ചെയ്തു. 304 പേർക്ക്‌ പരിക്കേറ്റു. 16 കുട്ടികൾ കൊല്ലപ്പെട്ടതായും 45 പേർക്ക്‌ പരിക്കേറ്റതായും സെലൻസ്കി അവകാശപ്പെട്ടു. ജനവാസകേന്ദ്രങ്ങൾ ആക്രമിച്ചിട്ടില്ലെന്ന്‌ റഷ്യ വ്യക്തമാക്കി.

ബെർഡിയാൻസ്ക്‌ പിടിച്ചെടുത്ത റഷ്യൻ സൈന്യം ഖെർസോണിലും വൻ മുന്നേറ്റമുണ്ടാക്കി. മേഖലയിലെ പ്രധാന തുറമുഖ നഗരമായ മരിയുപോളിലും ഏറ്റുമുട്ടൽ തുടരുന്നു. സെപൊറിസിയ ആണവനിലയവും സമീപപ്രദേശങ്ങളും റഷ്യ പിടിച്ചു. ചെർണിഹിവിൽ ജനങ്ങളോട്‌ ലൈറ്റ്‌ അണച്ച്‌ വീടുകളിൽത്തന്നെ കഴിയാൻ അധികൃതർ നിർദേശം നൽകി. ബലാറസ്‌ സൈന്യവും റഷ്യക്കൊപ്പം പൊരുതാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്‌.