ഉക്രൈനിൽ നിന്നുള്ള രക്ഷാദൗത്യത്തിന്റെ ഭാഗമായി ബുക്കാറെസിൽനിന്നും 182 ഇന്ത്യൻ മെഡിക്കൽ വിദ്യാർത്ഥികളെ വഹിച്ചെത്തിയ രണ്ടാമത്തെ വിമാനം മുംബൈ ചത്രപതിശിവജി ഇന്റർ നാഷണൽ വിമാനത്താവളത്തിൽ എത്തി. ഈ സംഘത്തിൽ ആറ് മലയാളി വിദ്യാർത്ഥികളും ഉണ്ടായിരുന്നു. എറണാകുളം, തൃശൂർ, തിരുവനന്തപുരം ജില്ലകളിൽ നിന്നുള്ളവരാണിവർ.
മലയാളി വിദ്യാർത്ഥികളിൽ മൂന്നുപേരെ നോർക്കയുടെ നേതൃത്വത്തിൽ കേരള സമാജം ഡോമ്പിവിലി പ്രത്യേകം ഏർപെടുത്തിയ ബസിൽ നവി മുംബയിലുള്ള കേരള ഹൗസിൽ എത്തിച്ചു. ഭക്ഷണവും താമസവും നൽകി. വൈകിട്ട് അഞ്ചിന് തിരുവനന്തപുരത്തേക്കുള്ള വിമാനത്തിൽ അയക്കാനുള്ള ഏർപ്പാടുകൾ സജ്ജമാക്കി. രണ്ടുപേരെ കൊച്ചിയിലേക്ക് വിമാനത്തിൽ അയച്ചു.
മുംബൈയിൽ എത്തിയ മലയാളി വിദ്യാർത്ഥികളെ സ്വീകരിക്കാൻ മുംബൈ നോർക്ക ഡെവലപ്പോമെന്റ് ഓഫീസർ ശ്യാംകുമാർ, ഭദ്രകുമാർ, ഭരത്, കേരള ഹൗസ് മാനേജർ രാജീവ്, സെബാസ്റ്റ്യൻ എന്നിവർ വിമാനത്താവളത്തിൽ എത്തി. ഇവരെ കൂടാതെ ലോക കേരള സഭംഗങ്ങളായ പി ഡി ജയപ്രകാശ്, മാത്യു തോമസ്, കാദർ ഹാജി, നോർക്ക അഫിലിയേറ്റഡ് സമാജമായ കേരള സമാജം ഡോമ്പിവിലെ ഓ പ്രദീപ്, എ ഉണ്ണികൃഷ്ണൻ, ജോയ് ജോസഫ്, അഭിലാഷ് എന്നിവരും ഉണ്ടായിരുന്നു.