‘ഇടതുപക്ഷം ബിജെപിക്ക് ബദലാവും’; കേരളം വേദിയാവുന്നുവെന്ന് സീതാറാം യെച്ചൂരി

0
40

ജനാധിപത്യവും മതേതരത്വവും കവര്‍ന്നെടുത്ത് ബിജെപി രാജ്യത്തെ പ്രത്യേക സാഹചര്യത്തില്‍ എത്തിച്ചെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. രാജ്യം കടുത്ത പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഒരു ബദൽ ഉയർന്നുവരേണ്ടത് അനിവാര്യമാണ്. ഇന്ത്യയില്‍ ഒരു മൂലയില്‍, കേരളത്തില്‍ മാത്രമാണ് ഇടതുപക്ഷം ഉള്ളതെന്ന് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ അഭിമുഖത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നു.

ഏറെ അപകടകരമായ ഒരു പ്രത്യയശാസ്ത്രമാണ് അവരുടേത്. അത് രാജ്യത്തിന് അപകടം സൃഷ്ടിക്കും. അവരെ ഇല്ലാതാക്കുകയെന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നായിരുന്നു മോദിയുടെ പ്രതികരണം. എന്നാല്‍ ഞങ്ങളുടെ പ്രത്യയശാസ്ത്രം അപകടകരമാവുന്നത് ബിജെപിക്ക് ഇടതുപക്ഷം ബദല്‍ ആകുന്നു എന്നതുകൊണ്ടുതന്നെയാണ്. കേരളം അതിനു വേദിയാകുന്നു എന്നുമാത്രമല്ല, രാജ്യത്തിനാകെ വഴി കാട്ടുന്നുവെന്നും യെച്ചൂരി കൂട്ടിച്ചേർത്തു. സിപിഐ എം സംസ്ഥാന സമ്മേളനം കൊച്ചിയിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മുഴുവൻ ഭരണസംവിധാനങ്ങളെയും ബിജെപി രാഷ്ട്രീയമായി ഉപയോഗപ്പെടുത്തുകയാണ്. തെരഞ്ഞെടുപ്പ് കമ്മീഷനെ തങ്ങളുടെ രാഷ്ട്രീയ നേട്ടത്തിനുവേണ്ടിയും ഉപയോഗിക്കുന്നു. കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നു. ബിജെപി വ്യാപകമായി തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ലംഘിക്കുന്നു. എന്നാൽ, തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇക്കാര്യത്തിൽ ഗുരുതരമായ മൗനം അവലംബിക്കുകയാണ്. ബാങ്കുകള്‍, ഇന്‍ഷൂറന്‍സ്, റെയില്‍വെ തുടങ്ങിയ പൊതുമേഖല സ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കപ്പെട്ടു. അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ഭാഗമാക്കാനാണ് സര്‍ക്കാര്‍ ശ്രമം.

അമേരിക്കയ്ക്ക് വിധേയമായാണ് മോദി സര്‍ക്കാര്‍ നിരന്തരം പ്രവർത്തിക്കുന്നത്. ഒരു വശത്ത് ഉദാവല്‍ക്കണ നയങ്ങള്‍ ശക്തിപ്പെടലും മറുവശത്ത് ദേശീയ സ്വത്തിന്റെ കൊള്ളയടിക്കലുമാണ് നടക്കുന്നത്. ദല്ലാള്‍ മുതലാളിത്തത്തോട് കൂടി കോര്‍പ്പറേറ്റ് സംവിധാനവുമായി ബന്ധം ശക്തിപ്പെടുത്തുന്നു. പൗരാവകാശങ്ങള്‍ ശക്തിപ്പെടുത്തുന്നു. ജനാധിപാത്യാവകാശങ്ങള്‍ ശക്തിപ്പെടുത്തുന്നു. 2019 ലാണ് കേന്ദ്രസര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തുന്നത്. അന്ന് മുതല്‍ സംഘടിതമായ ശ്രമം വഴി ഭരണഘടനയുടെ അടിസ്ഥാന ശിലകളെ അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത്, പൗരത്വഭേദഗതി നിയമം കൊണ്ടുവന്നതുമെല്ലാം ഇതിന്റെ ഭാഗമാണ്- യെച്ചൂരി ചൂണ്ടിക്കാട്ടി.