മധ്യപ്രദേശില്‍ ദളിത് വിവരാവകാശ പ്രവര്‍ത്തകന് മര്‍ദനം; മൂത്രം കുടിപ്പിച്ചു

0
115

മധ്യപ്രദേശില്‍ ദളിത് വിവരാവകാശ പ്രവര്‍ത്തകനെ മര്‍ദിച്ച് മൂത്രം കുടിപ്പിച്ചു. ഏഴ് പേരടങ്ങിയ സംഘമാണ് അക്രമിച്ചത്. മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് സംഭവം. പഞ്ചായത്തുമായി ബന്ധപ്പെട്ട രേഖകള്‍ ലഭിക്കാന്‍ അപേക്ഷ നല്‍കിയതിന് പിന്നാലെയാണ് അക്രമമുണ്ടായത്.

ശശികാന്ത് യാദവിനാണ് മര്‍ദനമേറ്റത്. ഇയാളെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു. ഫെബ്രുവരി 23 ന് നടന്ന സംഭവത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്‌തതായി അധികൃതര്‍ അറിയിച്ചു.

ബാര്‍ഹി വില്ലേജുമായി ബന്ധപ്പെട്ട രേഖ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് മര്‍ദനമേറ്റത്. മുറിയില്‍ പൂട്ടിയിട്ടായിരുന്നു മർദ്ദനം. ജാതി അധിക്ഷേപവും നടത്തി. ഷൂസില്‍ നിന്നും മൂത്രം കുടിക്കാനായിരുന്നു അക്രമികള്‍ ആവശ്യപ്പെട്ടതെന്ന് ശശികാന്ത് പറഞ്ഞു.

സംഭവത്തിൽ ആഷ കൗരവ്, സഞ്ജയ് കൗരവ്, ദാമു, ബുറ, ഗൗതം, വിവേക് ശര്‍മ, ശര്‍ണം സിംഗ് എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. രണ്ടുപേരെ അറസ്റ്റ് ചെയ്തു. ബാക്കിയുള്ളവർക്കായി തെരച്ചിൽ ഊര്ജിതമാക്കിയെന്നും പൊലീസ് അറിയിച്ചു.