ഉക്രയിനിൽനിന്നുള്ളവരുമായി അഞ്ചാമത്തെ വിമാനം ഡൽഹിയിലെത്തി ; 12  മലയാളികൾ

0
65

ഉക്രയിനിലെ യുദ്ധഭൂമിയിൽ നിന്നുള്ള അഞ്ചാമത്തെ വിമാനം ഡൽഹിയിലെത്തി. ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി റൊമേനിയയിലെ ബുക്കാറസ്‌റ്റിൽ നിന്ന് 249 ഇന്ത്യക്കാരുമായാണ്‌ വിമാനം രാജ്യതലസ്ഥാനത്ത് എത്തിയത്. യാത്രക്കാരിൽ 12 പേർ മലയാളികളാണ്. ഇതോടെ ഉക്രയ്‌നിൽനിന്നും നിന്നും ഇന്ത്യയിലെത്തിച്ചവരുടെ എണ്ണം 1157 ആയി. ഇവരിൽ 93 പേർ മലയാളികളാണ്. മൂന്ന് ദിവസത്തിനുള്ളിൽ 7 വിമാനങ്ങൾ കൂടി രക്ഷാദൗത്യത്തിന്റെ ഭാഗമാകും.

റഷ്യൻ ആക്രമണത്തിൽ ഉക്രയ്‌നിൽ വലയുന്ന ഇന്ത്യാക്കാരെ തിരിച്ചെത്തിക്കുന്നത് ചർച്ച ചെയ്യാനായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഞായറാഴ്ച രാത്രി അടിയന്തര യോഗം ചേർന്നു. ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതാണ് ഇപ്പോഴത്തെ പ്രധാന അജണ്ടയെന്നായിരുന്നു യോഗത്തിലെ തീരുമാനം.

രക്ഷാ ദൗത്യം എങ്ങനെ പുരോഗമിക്കുന്നുവെന്നതും യോഗം വിലയിരുത്തി. ഇന്ത്യാക്കാരെ നാട്ടിലെത്തിക്കാൻ കൂടുതൽ ലോക രാജ്യങ്ങളുടെ സഹകരണം തേടാൻ തീരുമാനിച്ചു. യുദ്ധം ആരംഭിച്ചതോടെ ഉക്രയ്‌നിൽ കുടുങ്ങിയ 82 വിദ്യാർഥികൾ ഇന്നലെ കേരളത്തിലെത്തിയിരുന്നു. ഡൽഹി വഴി 56 പേരും മുംബൈ വഴി 26 പേരുമാണ് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിൽ എത്തിയത്. പറഞ്ഞു.