പോളണ്ട് അതിര്‍ത്തി വഴി രക്ഷപെടാന്‍ ശ്രമിച്ച ഇന്ത്യക്കാരായ വിദ്യാര്‍ഥികളെ കൈയേറ്റം ചെയ്ത് ഉക്രയ്ന് സൈന്യം. അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചവര്‍ക്ക് നേരെ സൈന്യം ലാത്തിചാര്‍ജ് നടത്തി. വിദ്യാര്‍ഥികളെ കാറ് കൊണ്ട് ഇടിപ്പിക്കുകയും നിലത്തേക്ക് തള്ളിയിടുകയും ചെയ്തു.
ഇത് ചോദിക്കാനെത്തിയവരെയും സൈന്യം മര്‍ദിച്ചു. തോക്ക് ചൂണ്ടിയും സൈന്യം ഭീഷണിപ്പെടുത്തിയതെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. ഇക്കാര്യത്തില്‍ അടിയന്തരമായി ഇടപെടണമെന്നും തങ്ങളെ സുരക്ഷിതരായി ഉടന്‍ തന്നെ നാട്ടിലേക്ക് എത്തിക്കണമെന്നും വിദ്യാര്‍ഥികള്‍ ആവശ്യപ്പെടുന്നു.
മണിക്കൂറുകളായി തങ്ങളെ തടഞ്ഞു വച്ചിരിക്കുകയാണെന്നും അസഹനീയമായ തണുപ്പാണ് അതിര്‍ത്തിയിലെന്നും വിദ്യാര്‍ഥികള്‍ പറയുന്നു. ഉക്രയ്ന്-പോളണ്ട് അതിര്‍ത്തിയില്‍ മലയാളികള്‍ ഉള്‍പ്പടെ 3,000 ഇന്ത്യക്കാരാണ് കുടുങ്ങിയിട്ടുള്ളത്. ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് പുറമെ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരും ഇത്തരത്തില്‍ പോളണ്ട് അതിര്‍ത്തിയില്‍ മണിക്കൂറുകളായി കുടുങ്ങിക്കിടക്കുകയാണ്.
സൈനികര്‍ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്നും ആകാശത്തേക്ക് വെടിയുതിര്‍ത്തെന്നും റിപ്പോര്‍ട്ടുകളുണ്ട്. നല്‍കിയിരിക്കുന്ന നിര്ദേശപ്രകാരമാല്ലാതെ ആരും പോളണ്ട് അതിര്‍ത്തിയിലേക്ക് എത്തരുതെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചിരുന്നു. എന്നാല്‍ ഇക്കാര്യങ്ങളൊന്നും ശ്രദ്ധിക്കാതെ അതിര്‍ത്തിയിലെത്തിയവര്‍ക്ക് നേരെയാണ് കൈയേറ്റമുണ്ടായത്. ആയിരത്തിലധികം കിലോമീറ്ററുകള്‍ താണ്ടിയാണ് വിദ്യാര്‍ഥികള്‍ പോളണ്ട് അതിര്‍ത്തിയിലേക്കെത്തിയത്.
മതിയായ വാഹന സൗകര്യങ്ങള്‍ പോലുമില്ലാതെ പലരും നടന്നാണ് സ്ഥലത്തെതിയത്. ഇതിനിടെയാണ് സൈന്യം ഇവര്‍ക്കെതിരെ തിരിഞ്ഞിരിക്കുന്നത്. രാജ്യത്ത് നിന്ന് പലായനം ചെയ്യാന്‍ ശ്രമിക്കുന്ന ഉക്രയ്ന് പൗരന്മാരായ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ സൈന്യം അതിര്‍ത്തികടക്കാന്‍ അനുവദിക്കുന്നു എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ പുരുഷന്മാരെ കടത്തിവിടുന്നില്ല.