നാല് കോടിയുടെ തിമിംഗല ഛര്‍ദ്ദിയും മയക്കുമരുന്നുമായി കഴക്കൂട്ടത്ത് സിവില്‍ എന്‍ജിനീയര്‍ പിടിയില്‍. ഗരീബ് നവാസിനെയാണ് എക്‌സൈസ് സംഘം പിടികൂടിയത്. അതേസമയം മയക്കുമരുന്നും തിമിംഗല ചര്‍ദ്ദിയും എങ്ങനെ ലഭിച്ചുവെന്നതില്‍ അന്വേഷണം തുടരുകയാണ്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വാമനപുരത്തെ എക്‌സൈസ് സംഘം ഇന്ന് രാവിലെ 10 മണിക്കാണ് 28 കാരനായ ഗരീബ് നവാസിനെ പിടികൂടിയത്. തിമിംഗല ചര്‍ദ്ദിയും നിരോധിത ലഹരി വസ്തുക്കളായ എംഡിഎംഎയും ഹാഷിഷ് ഓയിലുമായിരുന്നു കാറില്‍ ഉണ്ടായിരുന്നത്.
നാല് കോടി മൂല്യമുള്ള നാല് കിലോ തിമിംഗല ചര്‍ദ്ദിയും ലക്ഷങ്ങള്‍ വിലവരുന്ന രണ്ട് ഗ്രാം എം ഡി എം എയും 15 ഗ്രാം ഹാഷിഷ് ഓയിലുമാണ് ഗരീബ് നവാസ് കൈവശം വച്ചത്. തിമിംഗല ചര്‍ദ്ദിയുമായി ബന്ധപ്പെട്ട അന്വേഷണം വനംവകുപ്പിന് കൈമാറും.