പ്രായം കുറ‍ഞ്ഞ കൗൺസിലറായി സിപിഐ എമ്മിന്റെ എ പ്രിയദർശിനി, ഭൂരിപക്ഷം 5287

0
123

രാജ്യത്തെ പ്രായം കുറ‍ഞ്ഞ കൗണ്‍സിലര്‍മാരുടെ പട്ടികയിലേക്ക് തമിഴ്‌നാട്ടില്‍ നിന്നുള്ള സിപിഐ എം സ്ഥാനാര്‍ഥി എ പ്രിയദർശിനിയും. ചെന്നൈ കോര്‍പറേഷനിലെ അണ്ണാനഗര്‍ വാര്‍ഡിൽ നിന്ന് 8,695 വോട്ടുകൾക്കാണ് 21 കാരിയായ പ്രിയദർശിനി വിജയിച്ചത്. എഐഎഡിഎംകെ സ്ഥാനാർത്ഥിക്ക് 3,408 വോട്ടുകൾ മാത്രമാണ് നേടാനായത്. 5287 വോട്ടാണ് ഭൂരിപക്ഷം.

വില്ലിവാക്കം സ്വദേശിയായ ഓട്ടോറിക്ഷാ ഡ്രൈവറുടെ മകളാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തക കൂടിയായ പ്രിയദര്‍ശിനി. മികച്ച ഭരണത്തിലൂടെ തന്റെ വാര്‍ഡിനെ മതൃകയാക്കി ഉയര്‍ത്തുമെന്നും ആളുകള്‍ക്ക് മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഉറപ്പാക്കുമെന്നും പ്രിയദര്‍ശിനി പറഞ്ഞു. “സാധാരണക്കാരുടെ പ്രശ്നങ്ങള്‍ക്ക് വേ​ഗത്തില്‍ പരിഹാരം ഉണ്ടാക്കുന്നതിനായിരിക്കും കൂടുതല്‍ ശ്രദ്ധ നല്‍കുക.

ഒരു സാധാരണക്കാരിയായ തനിക്ക് അത്തരക്കാരുടെ പ്രശ്നങ്ങള്‍ കൃത്യമായി മനസിലാക്കാനാകും’ പ്രിയദര്‍‍ശിനി പറ‍ഞ്ഞു.
വാര്‍ഡ് 36 ൽ നിന്ന് വിജയിച്ച 22 കാരിയായ ഡി നിലവരശിയാണ് ഡിഎംകെയുടെ പ്രായം കുറഞ്ഞ മറ്റൊരു കൗൺസിലര്‍.