സിപിഐ എം പ്രവർത്തകൻ ചെമ്പനേഴത്ത്‌ രാജുവിനെ വെട്ടിക്കൊന്ന കേസിൽ 7 ബിജെപിക്കാർക്ക്‌ ജീവപര്യന്തം

0
40

സിപിഐ എം പ്രവർത്തകൻ ചെമ്പനേഴത്ത്‌ രാജുവിനെ കൊലപ്പെടുത്തിയ കേസിൽ ഏഴ്‌ ബിജെപിക്കാർക്ക്‌ ജീവപര്യന്തം ശിക്ഷ. ഒന്നുമുതൽ ആറുവരെയുളള പ്രതികളും ഒമ്പതാം പ്രതിയുമാണ്‌ ശിക്ഷിക്കപ്പെട്ടത്‌. കഠിനതടവും ഒരു ലക്ഷം രൂപ വീതം പിഴയുമാണ്‌ തൃശൂർ ഒന്നാം അഡീഷണൽ സെഷൻസ്‌ ജഡ്‌ജ്‌ പി എൻ വിനോദ്‌ ശിക്ഷ വിധിച്ചത്‌.

കൊടുങ്ങല്ലൂർ എസ്‌എൻ പുരം വാഴൂർ രാമൻകുളത്ത്‌ രതീഷ് (35), പടിഞ്ഞാറെ വെമ്പല്ലൂർ കൈപോത്ത്‌ ഗിരീഷ് (42), എസ്‌എൻ പുരം കടപ്പുറം പറളമുറി ഇരുമ്പൻ മനോജ് (44), പടിഞ്ഞാറെ വെമ്പല്ലൂർ വാഴൂർ രഞ്ജിത്ത് ( രാജു–-31), എസ്‌എൻ പുരം ബേബികടവ്‌ പെരിങ്ങത്ര സുരേന്ദ്രൻ (സുനി), എസ്‌എൻ പുരം ബസാർദേശം അനങ്ങാട്ട്‌ കിഷോർ (40), പൂവത്തുംകടവ്‌ തോപ്പിൽ ഷാജി (മാരി ഷാജി–-39) എന്നിവർക്കാണ്‌ ശിക്ഷ. കേസിൽ പ്രതികൾ കുറ്റക്കാരാണെന്ന്‌ കോടതി വ്യാഴാഴ്‌ച കണ്ടെത്തിയിരുന്നു.

കൊലക്കുറ്റത്തിന്‌ ഐപിസി 302 പ്രകാരം ഏഴ്‌ പ്രതികൾക്കും ജീവപര്യന്തം ശിക്ഷയും വീട്ടിൽ അതിക്രമിച്ച്‌ കയറിയതിന്‌ ഐപിസി 450 പ്രകാരം അഞ്ച്‌ വർഷം തടവ്‌, വീട്ടിലെ അംഗത്തിനുൾപ്പടെ ഗുരുതരമായി വെട്ടി പരിക്കേൽപ്പിച്ചതിന്‌ ഐപിസി 326 പ്രകാരം 5 വർഷം ശിക്ഷയും വിധിച്ചു. കുറ്റകരമായി സംഘംചേർന്നതുൾപ്പടെ മറ്റുവകുപ്പുപ്രകാരവും ശിക്ഷ വിധിച്ചിട്ടുണ്ട്‌. പിഴയടച്ചാൽ സംഖ്യ രാജുവിന്റെ വീട്ടുകാർക്കുള്ള നഷ്ടപരിഹാരമായി നൽകണം. ഇല്ലെങ്കിൽ ആറുമാസംകൂടി ശിക്ഷ അനുഭവിക്കണം.