എംജി കൈക്കൂലിക്കേസ്‌ ; ജീവനക്കാരി മറ്റൊരു വിദ്യാർഥിയിൽനിന്നും കൈക്കൂലി വാങ്ങിയതായി കണ്ടെത്തി

0
56

എംജി സർവകലാശാലയിൽ സർട്ടിഫിക്കറ്റിന്‌ കൈക്കൂലി വാങ്ങവേ വിജിലൻസ്‌ പിടിയിലായ ജീവനക്കാരി മറ്റൊരു വിദ്യാർഥിയിൽ നിന്നുകൂടി കൈക്കൂലി വാങ്ങിയതായി സംഭവത്തെപറ്റി അന്വേഷിക്കാൻ സർവകലാശാല നിയോഗിച്ച ഉപസമതി കണ്ടെത്തി. കണ്ടെത്തലും നിർദേശങ്ങളും അടങ്ങിയ അന്വേഷണ റിപ്പോർട്ട്‌ സമതി വ്യാഴാഴ്‌ച വൈസ്‌ചാൻസലർക്ക്‌ സമർപ്പിച്ചു. എംബിഎ മേഴ്‌സി ചാൻസിൽ പരീക്ഷ എഴുതിയ ഏറ്റുമാനൂർ സ്വദേശിയായ വിദ്യാർഥിയിൽ നിന്ന്‌ രണ്ടു ഘട്ടമായി 75,000 രൂപ സി ജെ എൽസി വാങ്ങിയതായാണ്‌ വിദ്യാർഥി അന്വേഷണ സമിതിക്ക്‌ മൊഴി നൽകിയത്‌.

ഇപ്പോൾ ചെന്നൈയിലുള്ള വിദ്യാർഥി ആദ്യം ഫോണിലൂടെയാണ്‌ മൊഴി നൽകിയത്‌. പിന്നീട്‌ വിദ്യാർഥിയുമായി ഓൺലൈനിലൂടെ ബന്ധപ്പെട്ട്‌ വിശദമായി മൊഴി രേഖപ്പെടുത്തി. ഏറ്റുമാനൂർ മംഗളം എൻജിനിയറിങ് കോളേജിലെ 2013–-15 വർഷ എംബിഎ ബാച്ചിലെ വിദ്യാർഥിയാണ്‌ പുതിയ വെളിപ്പെടുത്തൽ നടത്തിയത്‌. വിദേശത്തേക്ക്‌ പോകാൻ ആഗ്രഹിച്ച വിദ്യാർഥിക്ക്‌ എളുപ്പം ഡിഗ്രി സർട്ടിഫിക്കറ്റ്‌ കൊടുക്കാമെന്നു പറഞ്ഞാണ്‌ ജീവനക്കാരി തുക വാങ്ങിയെതെന്നാണ്‌ മൊഴിയിൽ പറയുന്നത്‌. കൂടാതെ രണ്ടു വിദ്യാർഥികളുടെ മാർക്ക്‌ ലിസ്‌റ്റിൽ എൽസി തിരുത്തൽ വരുത്തിയതായും സമിതി കണ്ടെത്തി. ഇത്‌ സംബന്ധിച്ച്‌ കൂടുതൽ അന്വേഷണം നടത്തും.