Friday
19 December 2025
29.8 C
Kerala
HomeKeralaആരോഗ്യ സ്‌ഥാപനങ്ങൾക്ക് 505 കോടി രൂപയുടെ കിഫ്ബി അനുമതി

ആരോഗ്യ സ്‌ഥാപനങ്ങൾക്ക് 505 കോടി രൂപയുടെ കിഫ്ബി അനുമതി

സംസ്‌ഥാനത്തെ വിവിധ ആരോഗ്യ സ്‌ഥാപനങ്ങളുടെ വികസന പ്രവർത്തനങ്ങൾക്കായി 505.55 കോടി രൂപയുടെ കിഫ്ബി അനുമതി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കോട്ടയം മെഡിക്കൽ കോളേജ്- 268 കോടി, താലൂക്ക് ആശുപത്രി അടിമാലി- 12.54 കോടി, കാസർഗോഡ് മെഡിക്കൽ കോളേജ്- 31.7 കോടി, കോഴഞ്ചേരി ജില്ലാ ആശുപത്രി- 30.35, കോന്നി മെഡിക്കൽ കോളേജ്- 18.72 കോടി, റാന്നി താലൂക്ക് ആശുപത്രി- 15.60 കോടി, അടൂർ ജനറൽ ആശുപത്രി- 14.64 കോടി എന്നിങ്ങനെയാണ് അനുവദിച്ചത്.

ഇതുകൂടാതെ കണ്ണൂർ അന്താരാഷ്‌ട്ര ആയുർവേദ ഗവേഷണ കേന്ദ്രത്തിന് 114 കോടി രൂപയും അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കോട്ടയം മെഡിക്കൽ കോളേജിലെ സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ളോക്കിന്റെ നിർമാണ പ്രവർത്തനങ്ങൾക്കായാണ് തുക അനുവദിച്ചത്. മെഡിക്കൽ കോളേജ് ആശുപത്രിയിലെ വിവിധ സൂപ്പർ സ്‌പെഷ്യാലിറ്റി വിഭാഗങ്ങൾക്കായാണ് ഈ ബ്ളോക്ക് സജ്‌ജമാക്കുന്നത്.

8 നിലകളിലായി 27,374 സ്‌ക്വയർ മീറ്റർ വിസ്‌തൃതിയിലുള്ളതാണ് കെട്ടിടം. 362 കിടക്കകൾ, 11 ഓപ്പറേഷൻ തിയേറ്ററുകൾ, 60 ഐസിയു കിടക്കകൾ എന്നിവയും ഈ കെട്ടിടത്തിലുണ്ടാകും. ഹൃദയം മാറ്റിവെക്കൽ ശസ്‌ത്രക്രിയയും കരൾ മാറ്റിവെക്കൽ ശസ്‌ത്രക്രിയയും നടക്കുന്ന കോട്ടയം മെഡിക്കൽ കോളേജിൽ ഈ ബ്ളോക്ക് വരുന്നതോടെ വലിയ സൗകര്യങ്ങൾ ലഭ്യമാകുന്നതാണ്.

കാസർഗോഡ് മെഡിക്കൽ കോളേജ് ആശുപത്രി പൂർത്തിയാക്കുന്നതിനാണ് 31.7 കോടി രൂപ അനുവദിച്ചത്. ആശുപത്രി പൂർത്തിയാക്കുന്നതിന് ഈ തുക ആവശ്യമായതിനാൽ മന്ത്രിയുടെ നേതൃത്വത്തിൽ പ്രത്യേക യോഗം ചേർന്നാണ് നടപടികൾ സ്വീകരിച്ചത്. തുക ലഭ്യമായാൽ നടപടിക്രമങ്ങൾ പാലിച്ച് എത്രയും വേഗം നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും മന്ത്രി വ്യക്‌തമാക്കി.

RELATED ARTICLES

Most Popular

Recent Comments