മലപ്പുറം വള്ളിക്കുന്നിൽ ട്രെയിനിന് മുന്നിൽ ചാടി യുവതി ആത്മഹത്യ ചെയ്തു. ചാലിയം സ്വദേശി ലിജിനിയാണ് ആത്മഹത്യ ചെയ്തത്. ലിജിനി ആത്മഹത്യ ചെയ്യാനുള്ള കാരണം സ്ത്രീധന പീഡനമെന്ന് യുവതിയുടെ ബന്ധുക്കൾ ആരോപിച്ചു.
പണവും സ്വർണവും ആവശ്യപ്പെട്ട് ഭർത്താവ് ശാലുവും വീട്ടുക്കാരും യുവതിയെ നിരന്തരം മർദിച്ചതായി യുവതിയുടെ സഹോദരി പറഞ്ഞു. ഭർത്താവിന്റെ പരസ്ത്രീ ബന്ധം ചോദ്യം ചെയ്തതും മർദനത്തിന് കാരണമായിട്ടുണ്ടെന്ന് സഹോദരി പറയുന്നു.
ശാലുവിന്റേയും ലിജിനിയുടേയും വിവാഹ സമയത്ത് 50 പവന്റെ സ്വർണം സ്ത്രീധനമായി നൽകിയിരുന്നു. വീട്ടുപകരണങ്ങളും നൽകിയിരുന്നു. എന്നാൽ സ്വർണം വീണ്ടും ആവശ്യപ്പെട്ട് ശാലുവിന്റെ വീട്ടുക്കാർ ലിജിനിയെ മർദിച്ചു.
കൂടുതൽ സ്ത്രീധനം കിട്ടുന്നതുവരെ മറ്റ് വീട്ടുപകരണങ്ങൾ ഉപയോഗിക്കാൻ ലിജിനിയെ ഭർതൃവീട്ടുകാർ അനുവദിച്ചിരുന്നില്ലെന്നും ബന്ധുക്കൾ ആരോപിക്കുന്നു. ശാലുവിന്റെ അമ്മ വാങ്ങിയ താലിമാലയാണെന്ന് പറഞ്ഞ് ലിജിനിയുടെ കഴുത്തിലെ താലിമാല പൊട്ടിച്ചെടുത്തു. ഇതേത്തുടർന്ന് ശാലുവിന്റെ സഹോദരി ഷൈമ ലിജിനിയെ മർദിക്കുകയും ചെയ്‌തെന്ന് യുവതിയുടെ സഹോദരി പറഞ്ഞു.
തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ ഭർത്താവും ഭർതൃവീട്ടുകാരുമായിരിക്കും കാരണക്കാരെന്ന് ലിജിനി ഡയറിയിൽ എഴുതി വെച്ചിരുന്നതായും എന്നാൽ ഈ ഡയറി ഭർതൃവീട്ടുകാർ കത്തിച്ച് കളഞ്ഞതായും ബന്ധുക്കൾ പറയുന്നു.