തിരുവനന്തപുരത്ത് യുവതിയെ കഴുത്തറുത്ത് കൊന്ന സംഭവം; തമിഴ്‌നാട്‌ സ്വദേശി പിടിയിൽ

0
39

അമ്പലമുക്കിൽ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ. തമിഴ്‌നാട് സ്വദേശി രാജേഷാണ് പിടിയിലായത്. പോലീസ് സംഘം തമിഴ്‌നാട്ടിൽ എത്തി പ്രതിയെ കസ്‌റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുകയാണ്.

പേരൂർക്കടയിലെ ഒരു ചായക്കടയിലെ തൊഴിലാളിയായ ഇയാൾക്ക് കൊലപാതകത്തിനിടെ പരിക്കേറ്റിരുന്നു. പേരൂർക്കട ആശുപത്രിയിലെ ചികിൽസക്ക് ശേഷമാണ് ഇയാൾ തമിഴ്‌നാട്ടിലേക്ക് കടന്നതെന്നാണ് വിവരം. മോഷണത്തിന് വേണ്ടിയായിരുന്നു കൊലപാതകമെന്നാണ് വിവരം. ഇയാൾ മോഷ്‌ടിച്ച വിനീതയുടെ സ്വർണമാല കണ്ടെത്താൻ അന്വേഷണം തുടരുകയാണ്.

സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് എത്തിയത്. അമ്പലമുക്കിൽ നിന്നും ഓട്ടോയിൽ കയറി മുട്ടട ഇറങ്ങിയ പ്രതി മറ്റൊരു സ്‌കൂട്ടറിൽ കയറി ഉള്ളൂരിൽ ഇറങ്ങി. ഇവിടെ നിന്നും ഒരു ഓട്ടോയിൽ കയറി പേരൂർക്കടയിൽ ഇറങ്ങിയെന്നാണ് വിവരം. പോലീസ് പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളും രേഖാചിത്രവും കണ്ട ഓട്ടോ ഡ്രൈവറാണ് പോലീസിന് വിവരം കൈമാറിയത്.

കഴിഞ്ഞ ഞായറാഴ്‌ചയാണ് അമ്പലമുക്കിൽ ചെടി വിൽപന നടത്തുന്ന കടയിലെ ജീവനക്കാരി വിനീതയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കഴുത്തറുത്ത നിലയിലായിരുന്നു മൃതദേഹം. അവധിയായിട്ടും ചെടികൾക്ക് വെള്ളം ഒഴിക്കാൻ എത്തിയ യുവതിയെ രാവിലെ 11 മണി വരെ സമീപവാസികൾ പുറത്തുകണ്ടിരുന്നു. അതിന് ശേഷം ചെടി വാങ്ങാനെത്തിയ ചിലർ ആരെയും കാണാത്തതിനെ തുടർന്ന് ബോർഡിൽ എഴുതിയ നമ്പറിൽ ഉടമസ്‌ഥനെ വിളിക്കുകയായിരുന്നു.

വിനീത കടയിലുണ്ടെന്ന് ഉടമ പറഞ്ഞെങ്കിലും ആരുമില്ലെന്ന് ചെടി വാങ്ങാൻ എത്തിയവർ പറഞ്ഞു. തുടർന്ന് മറ്റൊരു ജീവനക്കാരിയെ ഉടമ കടയിലേക്ക് പറഞ്ഞയച്ചു. ഇവർ നടത്തിയ പരിശോധനയിലാണ് കടയുടെ ഇടുങ്ങിയ സ്‌ഥലത്ത് ടാർപോളിനടിയിൽ മൃതദേഹം കണ്ടത്. പുല്ല് വെട്ടുന്ന കത്തി ഉപയോഗിച്ച് കഴുത്തിൽ മൂന്ന് തവണ കുത്തിയിരുന്നു. വിനീതയുടെ കഴുത്തിലുണ്ടായിരുന്ന നാലര പവന്റെ മാല കണ്ടെത്താനായില്ല. ആഭരണമോ പണമോ കൈക്കലാക്കാനാണ് കൊലപാതകമെന്നാണ് പോലീസ് പറയുന്നത്.