സുരക്ഷാ മേഖലയിൽ കറക്കം, ‘കോഴിയെ’ കസ്റ്റഡിയിലെടുത്ത് യുഎസ് സുരക്ഷാസേന

0
197

അമേരിക്കയിലെ പെന്റഗണ്‍ സുരക്ഷാ മേഖലയില്‍ കറങ്ങി നടന്ന കോഴിയെ കസ്റ്റഡിയിലെടുത്തു. യുഎസ് ഡിപാര്‍ട്ട്മെന്റ് ഓഫ് ഡിഫന്‍സ് ആസ്ഥാനത്തിന് സമീപം അലഞ്ഞ് തിരിഞ്ഞ കോഴിയെയാണ് അധികൃതര്‍ കസ്റ്റഡിയിലെടുത്തത്. ആര്‍ലിങ്ടണിലെ ആനിമല്‍ വെല്‍ഫെയര്‍ ഓര്‍ഗനൈസേഷന്‍ ജീവനക്കാരാണ് കോഴിയെ പിടികൂടിയത്. ഓര്‍ഗനൈസേഷന്‍ തന്നെ ഈ വിവരം സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെക്കുകയായിരുന്നു. കോഴിക്ക് ഹെന്നി പെന്നി എന്ന് പേരും നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
കോഴിയെ കണ്ടെത്തിയ സ്ഥലം ഏതാണെന്ന് പറയാന്‍ തങ്ങള്‍ക്ക് അനുവാദമില്ലെന്നും ഓര്‍ഗനൈസേഷന്‍ വ്യക്തമാക്കുന്നു. സുരക്ഷാ ചെക്ക് പോസ്റ്റില്‍ ആയിരുന്നു എന്ന് മാത്രമേ പറയാന്‍ കഴിയൂ എന്നും സംഘടനയുടെ വക്താവായ ചെല്‍സി ജോണ്‍സ് പറഞ്ഞു. കോഴി എങ്ങനെയാണ് സുരക്ഷാ മേഖലയില്‍ പ്രവേശിച്ചതെന്നോ എവിടെ നിന്നാണ് വന്നതെന്നോ വ്യക്തമല്ല. ഹെന്നിപെന്നിയെ ചാരപ്രവര്‍ത്തിക്കായി ആരെങ്കിലും അയച്ചതാണോ അല്ലെങ്കില്‍ വഴിതെറ്റി എത്തിയതാണോ എന്ന് സംശയമുണ്ടെന്നും അധികൃതര്‍ പറഞ്ഞു. എന്തായാലും കോഴിയെ ജീവനക്കാരില്‍ ഒരാളുടെ വെസ്റ്റേണ്‍ വിര്‍ജീനിയയില്‍ ഉള്ള ഫാമിലേക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചു.