മീഡിയ വണ്ണിനെതിരായ കേന്ദ്രനടപടി; രണ്ട് ദിവസത്തേക്ക് സ്റ്റേ ചെയ്ത് ഹൈക്കോടതി

0
87

മീഡിയ വണ്ണിനെതിരെ കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സംപ്രേഷണ വിലക്ക് മരവിപ്പിച്ച് ഹൈക്കോടതി. രണ്ട് ദിവസത്തേക്കാണ് ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തിരിക്കുന്നത്. ജസ്റ്റിസ് എന്‍ നഗരേഷിന്റേതാണ് ഇടക്കാല ഉത്തരവ്. ബുധനാഴ്ച കേസ് വീണ്ടും പരിഗണിക്കും. ചാനല്‍ നല്‍കിയ ഹര്‍ജിയില്‍ കോടതി കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം തേടി. സംപ്രേഷണം തടഞ്ഞത് രാജ്യസുരക്ഷാ കാരണങ്ങള്‍ കൊണ്ടാണെന്നും കോടതി ഇടപെടല്‍ പാടില്ലെന്നും കേന്ദ്രസര്‍ക്കാര്‍ വാദിച്ചു. ചാനലിന് സുരക്ഷാ അനുമതി നിഷേധിച്ചതിന് മതിയായ കാരണമുണ്ടെന്നും കേന്ദ്രം കോടതിയില്‍ വാദിച്ചു.

സുരക്ഷാ കാരണങ്ങള്‍ ഉന്നയിച്ച് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയമാണ് ചാനല്‍ സംപ്രേഷണം വിലക്കിയത്. കേന്ദ്ര ഉത്തരവിനെതിര മീഡിയ വണ്‍ നിയമനടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും എഡിറ്റര്‍ ഇന്‍ ചീഫ് പ്രമോദ് രാമന്‍ വ്യക്തമാക്കിയിരുന്നു. മീഡിയ വണ്ണിനെതിരായ കേന്ദ്ര നടപടിയില്‍ പ്രതിഷേധമറിയിച്ച് രാഷ്ട്രീയ-കലാ-സാംസ്‌കാരിക രംഗത്തെ നിരവധി പേർ രംഗത്തെത്തിയിരുന്നു. ഡൽഹി കലാപസമയത്ത് ഏഷ്യാനെറ്റ് ന്യൂസിനും മീഡിയ വണ്ണിനും 48 മണിക്കൂര്‍ നേരം വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. പിന്നീട് ഇത് പിൻവലിക്കുകയായിരുന്നു.